ഫ്രിജിൽ ഐസ് കുമിഞ്ഞുകൂടുന്നുണ്ടോ?; തടയാൻ എളുപ്പവഴി ഇവിടെയുണ്ട്

  1. Home
  2. Lifestyle

ഫ്രിജിൽ ഐസ് കുമിഞ്ഞുകൂടുന്നുണ്ടോ?; തടയാൻ എളുപ്പവഴി ഇവിടെയുണ്ട്

ice


മിക്ക അടുക്കളയിലും നേരിടുന്ന പ്രശ്‌നമാണ് ഫ്രീസറിൽ കുമിഞ്ഞുകൂടുന്ന ഐസ്. പലപ്പോഴും ഇതൊരു തലവേദനയാണ്. ഐസ് കട്ട പിടിച്ച് ആകെ ബുദ്ധിമുട്ടാകും. തെറ്റായ സീലിങ്, എയർ ലീക്കുകൾ അല്ലെങ്കിൽ ഓവർ ലോഡ് എന്നിവ കൊണ്ടാണ് സംഭവിക്കുന്നത്. കട്ട പിടിച്ചിരിക്കുന്ന ഐസ് മലയെ എങ്ങനെ നീക്കാമെന്നും ഇനി ഇത്തരത്തിലൊരു അവസ്ഥ വരാതിരിക്കാനും എന്തൊക്കെ ചെയ്യാം എന്നു നോക്കാം. 

ഡിഫ്രോസ്റ്റ് ചെയ്യുക
ആദ്യം തന്നെ ടെംപറേച്ചർ ഡീഫോസ്റ്റിലേക്ക് ക്രമീകരിക്കുക. ഡീഫ്രോസ്റ്റ് ചെയ്യുമ്പോഴുണ്ടാകുന്ന വെള്ളം ക്ലീൻ ചെയ്യാൻ ടവ്വൽ തയാറാക്കി വയ്ക്കണം. ഡീഫ്രോസ്റ്റിന് ശേഷം സാധനങ്ങൾ തിരികെ ഫ്രിജിൽ വയ്ക്കുന്നതിനുമുമ്പ് എല്ലാ ഭാഗവും നല്ലതുപോലെ ഉണങ്ങിയതാണെന്ന് ഉറപ്പുവരുത്തണം. 

ഫ്രീസറിന്റെ ഉൾഭാഗം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. മീനായാലും ഇറച്ചിയായാലും ഓരോ ഭക്ഷണസാധനങ്ങളും കൃത്യമായി അടച്ച് വയ്‌ക്കേണ്ട പാത്രങ്ങളിൽ സൂക്ഷിച്ച് ഫ്രിജിൽ വയ്ക്കാം. ശീതീകരിച്ച ഭക്ഷണ സാധനങ്ങൾ വയ്ക്കുവാനുള്ള ബാഗുകളും സിപ്ലോക്ക് കവറുകളും പാത്രങ്ങളും മാർക്കറ്റുകളിൽ ലഭ്യമാണ്. അവ ഉപയോഗിക്കാം.

താപനില ക്രമീകരിക്കുക
നിങ്ങളുടെ റഫ്രിജറേറ്ററിന്റെ താപനില പതിവായി പരിശോധിക്കുക. ഒരു റഫ്രിജറേറ്റർ 0 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില നിലനിർത്തണം, ഫ്രീസർ ഏകദേശം -15 ഡിഗ്രി സെൽഷ്യസ് ആയിരിക്കണം. ഈ പറയുന്ന താപനിലയേക്കാൾ താഴ്ന്ന വ്യതിയാനങ്ങൾ ഫ്രിജിൽ ഐസ് രൂപപ്പെടാൻ ഇടയാക്കും.

റഫ്രിജറേറ്ററുകളുടെ ശരിയായ സ്ഥാനം
ഫ്രിജ് ഉചിതമായ സ്ഥലത്ത് വയ്ക്കണം എന്നതാണ് പ്രധാന കാര്യം. നിങ്ങളുടെ അടുക്കളയിൽ എക്സ്ഹോസ്റ്റ് സംവിധാനം ഇല്ലെങ്കിൽ, ആ സ്ഥലത്ത് റഫ്രിജറേറ്റർ വയ്ക്കുന്നത് ഒഴിവാക്കുക. ഫ്രിജ് കംപ്രസ്സറിന്റെ തണുപ്പ് സുഗമമാക്കുന്ന, ചുമരിൽ നിന്ന് മതിയായ അകലം പാലിക്കുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുക. ഫ്രിജിന്റെയും ഫ്രീസറിന്റെയും വാതിലുകൾ അധികമായി തുറക്കുന്നത് ഒഴിവാക്കണം.

ഐസ് കട്ട പിടിയ്ക്കൽ തടയാനായി എപ്പോഴും ഫ്രിജിന്റെ ഡോർ തുറക്കുന്ന പ്രവണത ഒഴിവാക്കണം. ഇടയ്ക്കിടെ തുറക്കുന്നത് ഈർപ്പത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു, ഇത് ഐസ് അടിഞ്ഞുകൂടുന്നതിന് കാരണമാകും.

സീൽ പരിശോധിക്കുക
വായു ചോർച്ച സാധ്യതയുള്ളതായി സൂചിപ്പിക്കുന്ന ഏതെങ്കിലും ഐസ് പാച്ചുകൾ കണ്ടെത്താൻ റഫ്രിജറേറ്ററും ഫ്രീസർ ഗാസ്‌കറ്റും പരിശോധിക്കുക. ആവശ്യമെങ്കിൽ, ഗാസ്‌കറ്റ് മാറ്റിസ്ഥാപിക്കുക. ഇത് ലളിതമായ ഒരു പ്രക്രിയയാണ്. 

വൃത്തിയായി സൂക്ഷിക്കുക
കൂളിങ് ഫാൻ, വെന്റുകൾ, കണ്ടൻസർ കോയിലുകൾ എന്നിവ പതിവായി വൃത്തിയാക്കുക. ഈ ഭാഗങ്ങൾ, സാധാരണയായി താഴെയോ പുറകിലോ ആണ് അതുകൊണ്ടു തന്നെ അഴുക്ക് ശേഖരിക്കാൻ ഇടയുണ്ട്. ഐസ് അടിഞ്ഞുകൂടുന്നത് നേരിടാൻ, ആദ്യം ഫ്രിജ് അൺപ്ലഗ് ചെയ്യാം. ചൂടുള്ള തുണിയോ അല്ലെങ്കിൽ സ്‌പോഞ്ച് കൊണ്ടോ ഐസ് ഉരുകിയ വെള്ളം തുടച്ചെടുക്കണം. 

കട്ടപിടിച്ച ഐസിലും ഇതേപൊലെ ചെയ്യാം, ഐസ് ഉരുകുന്നത് വരെ വീണ്ടും നനച്ച തുണി ഉപയോഗിച്ച് തുടച്ചെടുക്കാം. ഉൾഭാഗം നന്നായി ഉണങ്ങിയ ശേഷം ഫ്രീസറിന്റെ ഡോറുകൾ അടച്ച് ഉപയോഗിച്ചു തുടങ്ങാം.