ശരീരഭാരം നിയന്ത്രിക്കണോ?; പെട്ടെന്ന് വിശക്കാതിരിക്കാൻ ഇവ കഴിച്ചു നോക്കൂ
ശരീരഭാരം നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ ഇനി പറയുന്നവ തയാറാക്കി കഴിച്ചു നോക്കൂ. വിശപ്പിനെ അടിച്ചമർത്താനും ഏറെ നേരം വിശക്കാതിരിക്കാനും ഇവ സഹായിക്കും.
ഉലുവ വെള്ളം
നമ്മുടെ അടുക്കളയിൽ സ്ഥിരമായി കാണുന്ന ഒന്നാണ് ഉലുവ. ഉലുവ ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് അമിതമായ വിശപ്പിനെ പ്രതിരോധിക്കാൻ സഹായിക്കും. ദിവസവും രാവിലെ കുടിക്കുന്നതാണ് ഉത്തമം. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ വയറു നിറഞ്ഞ പ്രതീതി ജനിപ്പിക്കും. അധിക ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.
ഗ്രീൻ ടീ/ കട്ടൻ കാപ്പി
ഒരു ഗ്ലാസ് ചായയിലോ കാപ്പിയിലോ ആയിരിക്കും ഭൂരിപക്ഷം പേരുടെയും ദിവസമാരംഭിക്കുക. എന്നാലിനി ഗ്രീൻ ടീയോ കട്ടൻ കാപ്പിയോ കഴിച്ചു നോക്കൂ. വിശപ്പിനെ ശമിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ പാനീയങ്ങളാണിവ. കലോറി വളരെ കുറവ് മാത്രമേയുള്ളൂ എന്നതും ഇവയുടെ ഒരു പ്ലസ് പോയിന്റാണ്. കുറച്ചേറെ സമയം വിശപ്പിനെ പിടിച്ചു നിർത്താനും സാധിക്കും. ഇടനേരങ്ങളിൽ സ്‌നാക്ക്‌സ് കഴിക്കുന്നതൊഴിവാക്കുകയും ചെയ്യാം.
ഫൈബർ കൂടുതലടങ്ങിയവ
ഓട്‌സ്, ബ്രോക്കോളി, കടല, ആപ്പിൾ, പയർ തുടങ്ങിയ നാരുകൾ ധാരാളമായി അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവയിലെല്ലാം തന്നെ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് ഭക്ഷണം അധികം കഴിക്കുക എന്ന പ്രവണത ഒഴിവാക്കാൻ കഴിയും. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് വിശപ്പിനെ ശമിപ്പിക്കാൻ സഹായകരമാണ്.
പ്രോട്ടീൻ
ഇടനേരങ്ങളിലെ വിശപ്പും അപ്പോൾ കഴിക്കുന്ന വിഭവങ്ങളുമാണ് ഡയറ്റിന്റെ താളം തെറ്റിക്കുന്നത്. കാർബോഹൈഡ്രേറ്റിനെ അപേക്ഷിച്ച് പ്രോട്ടീൻ വിഭവങ്ങളുടെ ദഹനവും സാവധാനത്തിലാണ്. മുട്ട, യോഗർട്ട്, നിലക്കടല, പയർ, നട്‌സ് എന്നിവയിലെല്ലാം പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു വഴി, വിശപ്പിനെ പ്രതിരോധിക്കാം.
ഫ്‌ലാക്‌സ് സീഡ്
ശരീരഭാരം കുറയ്ക്കണമെന്നുള്ളവർ ഉറപ്പായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഫ്‌ലാക്‌സ് സീഡ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നത് കൊണ്ട് വിശപ്പിനെ നിയന്ത്രിക്കാൻ ഈ വിത്തുകൾക്ക് കഴിയും. കൂടാതെ, ധാരാളമായി ഫൈബറും ഇതിലുണ്ട്. ഫ്‌ലാക്‌സ് സീഡ് രാത്രി ഭക്ഷണത്തിനൊപ്പം കഴിക്കുന്നതാണ് ഉത്തമം.
ഒരു ചെറിയ ബൗളിൽ രണ്ട് ടേബിൾ സ്പൂൺ വെള്ളം ഒഴിക്കുക. അതിലേക്ക് 1/2 ടീസ്പൂൺ ഉപ്പു ചേർത്ത് അലിയിപ്പിക്കുക. ഇനി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ഫ്‌ലാക്‌സ് സീഡ് ഇടുക, ഇതിലേക്ക് ഉപ്പുവെള്ളം ഒഴിച്ചുകൊടുത്ത് ഇളക്കി യോജിപ്പിക്കുക.6-7 മിനിറ്റ് കഴിഞ്ഞാൽ ഫ്‌ലാക്സ്സീഡ് നന്നായി പൊട്ടും ഇതാണ് ഫ്‌ലാക്സ്സീഡ് തയാറായതിന്റെ പാകം. ചൂടാറിയ ശേഷം കുപ്പിയിൽ ഇട്ട് ദിവസങ്ങളോളം കഴിക്കാം. ഇത് വെറുതെ കഴിക്കാൻ ഏറെ രുചികരമാണ്. അതുകൂടാതെ സാലഡിനും ലഡുവിലുമൊക്കെ ചേർക്കാവുന്നതാണ്.