ഒരാൾ കാണുന്നതിൽ മുപ്പതു ശതമാനവും ലൈംഗിക സ്വപ്‌നങ്ങൾ; ഡോ. പ്രകാശ് കോത്താരി

  1. Home
  2. Lifestyle

ഒരാൾ കാണുന്നതിൽ മുപ്പതു ശതമാനവും ലൈംഗിക സ്വപ്‌നങ്ങൾ; ഡോ. പ്രകാശ് കോത്താരി

sex in dream


കൗമാരക്കാരത്തിൽ ലൈംഗിക സ്വപ്‌നങ്ങളും കൂടുമെന്നും ഇരുപതു വയസ്സിനു ശേഷം അത്തരം സ്വപ്‌നങ്ങൾ കുറയുമെന്നും ഡോ. പ്രകാശ് കോത്താരി. ഒരാൾ കൂടുതൽ ആഗ്രഹിക്കുന്നതും, അയാൾക്ക് എത്തിപ്പിടിക്കാനാകാത്തതുമായ കാര്യങ്ങളായിരിക്കും സ്വപ്‌നങ്ങളുടെ നിർമിതിയിൽ ഘടകങ്ങളാകുക. സ്വാഭാവികമായും ലൈംഗികമോഹങ്ങൾ സ്വപ്‌നങ്ങളിൽ ഇടംപിടിക്കും. ഭാവനകൾക്കൊപ്പം ഹോർമോണുകൾക്കും ഇത്തരം സ്വപ്നങ്ങളിൽ വലിയ പങ്കുണ്ട്. കൗമാരക്കാരെ സംബന്ധിച്ചെടുത്തോളം അവരിൽ സെക്‌സ് ഹോർമോണുകൾ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അവർ കൂടുതൽ ലൈംഗിക സ്വപ്‌നങ്ങൾ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി. സെക്സോളജി എന്ന ശാഖയ്ക്ക് ഇന്ത്യയിൽ മേൽവിലാസമുണ്ടാക്കിക്കൊടുത്ത ഡോ. പ്രകാശ് കോത്താരി മനോരമ ഓൺലൈനുമായി നടത്തിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. 

ഒരാൾ കാണുന്ന ആകെ സ്വപ്‌നങ്ങളിൽ ഏതാണ്ടു മുപ്പതു ശതമാനത്തോളവും ലൈംഗികതയുമായി ബന്ധമുള്ള സ്വപ്‌നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വ്യക്തികളും സാഹചര്യങ്ങളുമനുസരിച്ച് ഇത് വ്യത്യാസപ്പെട്ടേക്കാം. ശാരീരിക കാരണങ്ങളാണ് ചെറുപ്പക്കാരെ ഇത്തരം സ്വപ്നങ്ങളിലേക്ക് നയിക്കുന്നതെങ്കിൽ മുതിർന്ന പ്രായത്തിൽ മാനസിക കാരണങ്ങളായിരിക്കും ഇത്തരം സ്വപ്‌നങ്ങൾക്ക് കാരണമാവുക. മുതിർന്നവരിൽ അവരുടെ മനോനിലയെ ആശ്രയിച്ചായിരിക്കും ഇത്തരം സ്വപ്‌നങ്ങൾ ഉണ്ടാവുക. വിഷാദം, രോഗങ്ങൾ എന്നിവ ഉള്ളവർക്ക് ലൈംഗിക താൽപര്യവും ലൈംഗിക സ്വപ്‌നങ്ങളും കുറവായിരിക്കുമെന്നും ഡോക്ടർ പറഞ്ഞു. 

ലൈംഗിക സ്വപ്‌നങ്ങൾക്കു സ്ത്രീപുരുഷ വ്യത്യാസമില്ലെങ്കിലും സ്ത്രീകളെക്കാൾ പുരുഷൻമാർക്കാണ് ഉറക്കത്തിലോ, സ്വപ്‌നത്തിലോ ഉള്ള രതിമൂർച്ഛ കൂടുതലായി ഉണ്ടാവുക. കാരണം ശാരീരികബന്ധത്തിനുള്ള താൽപര്യമാണ് പുരുഷന്മാരിൽ കൂടുതലായി ഉള്ളത്. എന്നാൽ സ്നേഹവും പ്രണയവും കരുതലുമാണ് സ്ത്രീകൾ കൂടുതൽ ആഗ്രഹിക്കുന്നത്. ലൈംഗിക തൃപ്‌തിയും ലൈംഗിക സ്വപ്‌നങ്ങളും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും രണ്ടും തലച്ചോർ കേന്ദ്രീകരിച്ചാണ് അനുഭവപ്പെടുക. ഒന്ന് ബോധമനസിലും മറ്റൊന്ന് അബോധ മനസിലും സംഭവിക്കുന്നതാണ്. ലൈംഗിക അതൃപ്‌തി ഉള്ളവരിൽ അവർ കാണുന്ന സ്വപ്നങ്ങളെക്കുറിച്ചു ചോദിക്കാറുണ്ട്. പാമ്പുകളെ സ്വപ്‌നം കാണുന്നവർക്കിടയിൽ തൃപ്‌തിക്കുറവുള്ളതാണ് തന്റെ അനുഭവമെന്നും, ലൈംഗിക സംതൃപ്‌തിക്കായി ചികിത്സ തേടിയെത്തുന്നവരിൽ പത്തിലൊരാൾ വീതമെങ്കിലും ഇങ്ങനെ പാമ്പുകളെ സ്വപ്‌നം കാണുന്നവരാണെന്നും ഡോ. പ്രകാശ് കോത്താരി പറഞ്ഞു. 

സ്വപ്‌നസ്ഖലനം സ്വാഭാവികമായ ഒരു കാര്യം മാത്രമാണ്. അതൊരു രോഗമോ, പാപമോ അല്ല. ശീഘ്രസ്ഖലനം ജലദോഷം പോലെ സാധാരണമാവുകയാണ്. അതു പരിഹരിക്കാൻ സാമാന്യ ബുദ്ധിയാണ് ആദ്യം വേണ്ടത്. എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന പ്രശ്നമാണിത്. കുറ്റബോധം തോന്നുന്നില്ലെങ്കിൽ ബോധപൂർവമായ ലൈംഗിക ഭാവനകൾ ലൈംഗികത മെച്ചപ്പെടുത്താനായി തേടുന്നതിൽ തെറ്റില്ലെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. ഫാന്റസി അല്ലെങ്കിൽ വിചിത്രകല്പനകൾ നമ്മുടെ ഉൽക്കണ്ഠകൾ കുറയ്ക്കുകയും ലൈംഗിക തൃഷ്‌ണ വര്ധിപ്പിക്കയും ചെയ്യും. സത്യത്തിൽ ലോകത്ത് ഏറ്റവും സുരക്ഷിതവും പണച്ചെലവു കുറഞ്ഞതുമായ സെക്‌സ് ടോണിക് ആണിതെന്നും അദ്ദേഹം പറഞ്ഞു.