സെക്‌സ് നിർത്തിയാൽ ശരീരത്തിൽ എന്ത് സംഭവിക്കും?; ഉത്തരം ദാ ഇവിടെയുണ്ട്
വ്യക്തിപരമായ പ്രശ്‌നങ്ങളാലോ സാഹചര്യങ്ങളാലോ മെഡിക്കൽ അവസ്ഥ മൂലമോ ചിലപ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തേണ്ട സാഹചര്യമുണ്ടാവും. ദീർഘനാൾ സെക്‌സിൽ ഏർപ്പെടാതെ ഇരുന്നാൽ അത് വ്യക്തികളുടെ ശാരീരികവും വൈകാരികവും കാര്യങ്ങളിലും ബന്ധങ്ങളിലുമെല്ലാം നിരവധി മാറ്റങ്ങൾക്കു കാരണമായി തീരാറുണ്ട്. വ്യക്തികൾക്ക് അനുസരിച്ച് ഇവ വ്യത്യാസപ്പെട്ടിരിക്കും.
ഇതിൽ പ്രധാനം ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ തന്നെയാണ്. ലൈംഗിക പ്രവർത്തനങ്ങൾ ഓക്‌സിടോസിൻ, ഡോപാമൈൻ, എൻഡോർഫിൻസ് തുടങ്ങിയ വിവിധ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടാൻ കാരണമാകും. ബന്ധങ്ങളിലെ അടുപ്പം, ആനന്ദം, റിലാക്‌സേഷൻ എന്നിവയെ ഒക്കെ ബൂസ്റ്റ് ചെയ്യുന്ന ഹോർമോണുകളാണിത്. സ്വാഭാവികമായും ലൈംഗിക പ്രവർത്തനങ്ങൾ കുറയുമ്പോൾ, ഈ ഹോർമോണുകളുടെ അളവിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ഇത് വ്യക്തികളുടെ മാനസികാവസ്ഥയെയും വൈകാരിക ക്ഷേമത്തെയും ബാധിക്കും.
ലൈംഗികതയ്ക്ക് ശേഷം തലച്ചോറിലുണ്ടാവുന്ന രാസവസ്തുക്കൾ പങ്കാളിയ്ക്കും നിങ്ങൾക്കുമിടയിലെ അടുപ്പം വർധിപ്പിക്കുവാൻ സഹായിക്കുന്നുണ്ട്. അതിനാൽ തന്നെ ലൈംഗിക ബന്ധത്തിന്റെ അഭാവം വ്യക്തികൾക്ക് അവരുടെ പങ്കാളിയുമായുള്ള ശാരീരികവും വൈകാരികവുമായ അടുപ്പം കുറയാൻ ഇടയാക്കിയേക്കാം. ഇത് വ്യക്തികളുടെ ബന്ധത്തെയും അടുപ്പത്തെയും ബാധിക്കാം.
ചില വ്യക്തികളിൽ വൈകാരികമായ മാറ്റങ്ങൾക്കും നിരാശയ്ക്കുമൊക്കെ ലൈംഗികതയുടെ അഭാവം കാരണമായി തീരാറുണ്ട്, പ്രത്യേകിച്ചും മുൻപ് ലൈംഗികമായി സജീവമായിരുന്ന ആളുകളുടെ കാര്യത്തിൽ. ലൈംഗിക വാഞ്ഛ, അതൃപ്തി, ആത്മവിശ്വാസക്കുറവ് എന്നീ വികാരങ്ങൾക്കും ഇതു കാരണമായി മാറാറുണ്ട്.
മെച്ചപ്പെട്ട ഹൃദയാരോഗ്യം, സമ്മർദ്ദം കുറയ്ക്കൽ, പ്രതിരോധശേഷി വർധിപ്പിക്കൽ തുടങ്ങി ശാരീരികമായി നിരവധി ഗുണങ്ങൾ ലൈംഗികതയ്ക്കുണ്ട്. പ്രതിവാര സെക്സ് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇമ്യൂണോഗ്ലോബുലിൻ എ അല്ലെങ്കിൽ ഐജിഎ എന്ന അണുക്കളെ ചെറുക്കുന്ന പദാർത്ഥത്തിന്റെ അളവ് ഇത് ഉയർത്തുന്നു എന്നതാകാം കാരണം. അതിനാൽ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തേണ്ട സാഹചര്യങ്ങളിൽ ഈ ആനുകൂല്യങ്ങളിൽ ചിലത് കാലക്രമേണ കുറഞ്ഞേക്കാം. ചില വ്യക്തികളിൽ ഏറെ നാളുകളായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ ഇരിക്കുന്നത് ലൈംഗികാഭിലാഷം കുറയുന്നതിനും ലൈംഗിക പ്രശ്‌നങ്ങൾ ഉണ്ടാവാനും കാരണമാവാറുണ്ട്.
ദീർഘനാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ വരുമ്പോൾ പ്രോസ്റ്റേറ്റ് ആരോഗ്യം കുറയുമെന്നും ചില പഠനങ്ങൾ പറയുന്നുണ്ട്. പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യതയും പഠനങ്ങൾ തള്ളി കളയുന്നില്ല. മാസത്തിലൊരിക്കലോ അതിൽ താഴെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ആളുകൾക്ക് ആഴ്ചയിൽ രണ്ടുതവണയോ അതിൽ കൂടുതലോ തവണ സെക്‌സിലേർപ്പെടുന്നവരേക്കാൾ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ പറയുന്നു. അതുപോലെ, ലൈംഗികത മെച്ചപ്പെട്ട ഓർമശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ചില പഠനങ്ങൾ ചൂണ്ടി കാണിക്കുന്നുണ്ട്.
സെക്സ് ഇല്ലെങ്കിൽ പ്രോലക്റ്റിൻ, ഓക്സിടോസിൻ തുടങ്ങിയ സ്വസ്ഥമായ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണുകൾ നിങ്ങൾക്ക് നഷ്ടമാകും. നിങ്ങളുടെ മനസ്സിനെ വേദനകളിൽ നിന്നും അകറ്റാനുള്ള നല്ലൊരു മാർഗമാണ് സെക്സ്. രതിമൂർച്ഛ നിങ്ങളുടെ ശരീരത്തിൽ എൻഡോർഫിനുകളും മറ്റ് ഹോർമോണുകളും പുറത്തുവിടാൻ കാരണമാകുന്നു, ഇത് തലവേദന, പുറംവേദന, കാലുകളിലെ വേദന എന്നിവയൊക്കെ കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല ആർത്രൈറ്റിസ് വേദന, ആർത്തവ വേദന എന്നിവയുടെ കാഠിന്യം കുറയ്ക്കാനും സെക്‌സ് സഹായകമാവാറുണ്ട്.
ഈ അവസ്ഥകൾ കാലക്രമേണ വ്യക്തികളുടെ മുൻഗണനകളിൽ മാറ്റം വരാനും കാരണമാവാറുണ്ട്. സെക്‌സ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഭാഗമല്ലെങ്കിൽ, വ്യക്തിപരമായ ലക്ഷ്യങ്ങൾ, ഹോബികൾ, കരിയർ അല്ലെങ്കിൽ വ്യക്തിയെന്ന രീതിയിലുള്ള വികസനം തുടങ്ങി ജീവിതത്തിന്റെ മറ്റു വശങ്ങളിലേക്ക് വ്യക്തികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും കാണാറുണ്ട്.