ലിഫ്റ്റിൽ കുടുങ്ങി പോയാൽ എന്ത് ചെയ്യണം ?

  1. Home
  2. Lifestyle

ലിഫ്റ്റിൽ കുടുങ്ങി പോയാൽ എന്ത് ചെയ്യണം ?

lift 123


ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് പോകുക എന്നത് ജീവിതത്തിലെ ദുഃസ്വപ്‌നങ്ങളിലൊന്നായിരിക്കും പലര്‍ക്കും. ഒറ്റയ്ക്ക് ലിഫ്റ്റില്‍ കയറിയാല്‍ അത് എത്തേണ്ടയിടത്ത് എത്തുന്നത് വരെ ശ്വാസമടക്കി പിടിച്ചിരിക്കുന്നവര്‍ ഉണ്ട്.

പക്ഷേ അത് അത്ര അപൂര്‍വ്വമായ കാര്യമല്ല. കൂട്ടിന് ആരുമില്ലാതെ, പ്രവര്‍ത്തനരഹിതമായ ലിഫ്റ്റിനുള്ളില്‍ പെട്ടുപോയ നിരവധി സംഭവങ്ങള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ ചിലര്‍ക്ക് പെട്ടെന്ന് തന്നെ രക്ഷപ്പെടാനാകും. ചിലര്‍ക്ക് മണിക്കൂറുകളോളം അതിനുള്ളില്‍ കഴിയേണ്ടി വരും. ഭൗര്‍ഭൗഗ്യകരമെന്ന് പറയട്ടെ ചിലര്‍ക്ക് മരണത്തിന് കീഴടങ്ങേണ്ടതായും വരും.

ശാന്തരായി ഇരിക്കുക തലയ്ക്കുള്ളിലേക്ക് പലതരത്തിലുള്ള ഭയചിന്തകള്‍ ഓടിയെത്തുന്നത് മാനസിക, ശാരീരിക സുരക്ഷയെ ബാധിക്കും. അനാവശ്യ ചിന്തകള്‍ ഇല്ലാതിരുന്നാല്‍ യുക്തിയോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. ലിഫ്റ്റില്‍ ഒറ്റയ്ക്കല്ല എങ്കില്‍, കൂടെയുള്ളവരെ കൂടി സമാധാനിപ്പിക്കാന്‍ ശ്രമിക്കുക. ഹിസ്റ്റീരിയ തടയാന്‍ ഡീപ് ബ്രീത്തിംഗ് ചെയ്യുകയോ 1 മുതല്‍ 100 വരെ എണ്ണുകയോ ചെയ്യുക.

അലാറം അടിക്കുക എല്ലാ ലിഫ്റ്റുകളിലും അലാറം ബട്ടണ്‍ ഉണ്ടായിരിക്കും. അലാറത്തിന്റെ ചിത്രമോ അല്ലെങ്കില്‍ ഫോണിന്റെ ചിത്രമോ ആയിരിക്കും അതിലുണ്ടാകുക. ഇത് അമര്‍ത്തുക. ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായ കാര്യം ഓപ്പറേറ്റര്‍മാരെയോ സാങ്കേതികവിദഗ്ധരെയോ അറിയിക്കാനുള്ള ബട്ടണ്‍ ആണിത്. അവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ കാത്തിരിക്കുക.

ആശയവിനിമയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക

സാധാരണയായി ലിഫ്റ്റിനുള്ളില്‍ ഓപ്പറേറ്ററുമായി ബന്ധപ്പെടുന്നതിന് ഒരു ഫോണ്‍ ഉണ്ടായിരിക്കും. ഇല്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ലിഫ്റ്റില്‍ നല്‍കിയിരിക്കുന്ന നമ്പറിലേക്കോ അല്ലെങ്കില്‍ അഗ്നിശമന സേന, പോലീസ് എന്നീ എമര്‍ജന്‍സി നമ്ബറുകളിലേക്കോ അതുമല്ലെങ്കില്‍ വേണ്ടപ്പെട്ടവരെയോ വിളിച്ച്‌ ലിഫ്റ്റില്‍ അകപ്പെട്ട കാര്യം വിശദാംശസഹിതം അറിയിക്കുക.

പിന്നിലേക്ക് മാറിനില്‍ക്കുക

ഓപ്പറേറ്ററുമായോ എമര്‍ജന്‍സി സര്‍വ്വീസുകളുമായോ ബന്ധപ്പെട്ട് കഴിഞ്ഞാല്‍ അവര്‍ വരുന്നത് വരെ ശാന്തരായി കാത്തിരിക്കുക. ലിഫ്റ്റിന്റെ പിന്‍ഭാഗത്ത് വാതിലിന് അഭിമുഖമായി നില്‍ക്കുന്നതാണ് നല്ലത്. കാരണം രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോൾ അപകടം വരാതിരിക്കാനാണ് ഇത്.

ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുക

ചില സാഹചര്യങ്ങളില്‍ മേല്‍പ്പറഞ്ഞതൊന്നും പ്രവര്‍ത്തിക്കാതെയും ആരുടെയും ശ്രദ്ധ ലഭിക്കാതെയും വരും. അപ്പോള്‍ രക്ഷയ്ക്കായി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയാണ് വഴി. കൈയിലുള്ള എന്തെങ്കിലും വസ്തുക്കളോ ചെരുപ്പോ ഉപയോഗിച്ച്‌ വാതിലില്‍ ശക്തിയായി അടിച്ച്‌ ശബ്ദമുണ്ടാക്കുക.

സമാധാനത്തോടെ കാത്തിരിക്കുക

നിങ്ങളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടാലും പ്രതീക്ഷ കൈവിടരുത്. സാധാരണഗതിയില്‍ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായാല്‍ ആരെങ്കിലും അത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും ഓപ്പറേറ്റര്‍ അത് എത്രയും പെട്ടെന്ന് ശരിയാക്കാനുള്ള നടപടി കൈക്കൊള്ളുകയും ചെയ്യും. അതുകൊണ്ട് സധൈര്യം കാത്തിരിക്കുക.

ലിഫ്റ്റില്‍ അകപ്പെട്ടാല്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

മുകളിലേക്കും താഴേക്കും ചാടരുത്

ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാണെങ്കില്‍ താഴേക്കോ മുകളിലേക്കോ ചാടിയത് കൊണ്ട് ഒരു പ്രയോജനവും ഇല്ല. മാത്രമല്ല, അങ്ങനെ ചെയ്യുന്നത് ലിഫ്റ്റി്‌ന്റെ സന്തുലിതാവസ്ഥയെ ബാധിക്കുകയും ചെയ്‌തേക്കും. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കും.

ഡോര്‍ ബലം പിടിച്ച്‌ തുറക്കരുത്

പരിഭ്രാന്തിയില്‍ ലിഫ്റ്റിന്റെ വാതിലുകള്‍ ബലം പ്രയോഗിച്ച്‌ തുറക്കാന്‍ ശ്രമിക്കരുത്. വാതിലുകള്‍ തുറന്നിരുന്നാല്‍ ലിഫ്റ്റ് ചലിക്കാന്‍ തുടങ്ങിയാല്‍ വാതിലുകളിലൂടെ പുറത്തേക്ക് വീഴാനുള്ള സാധ്യത ഉണ്ട്.

പുറത്തിറങ്ങാന്‍ നോക്കരുത്

വാതിലുകള്‍ അല്‍പ്പം തുറന്നിരിക്കുന്ന അവസ്ഥയില്‍ പുറത്തിറങ്ങാന്‍ നോക്കരുത്. രക്ഷാജീവനക്കാര്‍ എത്തിയതിന് ശേഷം മാത്രം പുറത്തിറങ്ങുക. ഒരിക്കലും ലിഫ്റ്റിന്റെ ഗ്രില്ലിലൂടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കരുത്. കാരണം ലിഫ്റ്റ് പ്രവര്‍ത്തിച്ച്‌ തുടങ്ങിയാല്‍ അതില്‍ കുടുങ്ങുകയും കൂടുതല്‍ അപകടം ഉണ്ടാക്കുകയും ചെയ്യും.