താളം തെറ്റിയ ഭക്ഷണക്രമം കൂടുതൽ സ്ത്രീകളിൽ; കാരണം ഇതാണ്, പഠനം

  1. Home
  2. Lifestyle

താളം തെറ്റിയ ഭക്ഷണക്രമം കൂടുതൽ സ്ത്രീകളിൽ; കാരണം ഇതാണ്, പഠനം

woman


ഭക്ഷണത്തിലെ ക്രമക്കേടുകൾ കൂടുതലുള്ളത് കൗമാരക്കാരിലും ചെറുപ്പക്കാരിലുമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ പുതിയ പഠനങ്ങൾ പറയുന്നത് സ്ത്രീകളിൽ ഇത് മധ്യവയസ്‌കരിലടക്കം ഏത് പ്രായത്തിലുള്ളവരിലും സംഭവിക്കാമെന്നാണ്. ആർത്തവവിരാമത്തിന്റെ സമയങ്ങളിൽ സ്വന്തം ശരീരത്തോടുണ്ടാകുന്ന അസംതൃപ്തിയാണ് ഭക്ഷണത്തിലെ ക്രമക്കേടുകൾക്ക് കാരണം. നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റിയുടെ ജേണലായ 'മെനോപോസി'ലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചുവന്നത്.

ഭക്ഷണം കഴിക്കുന്ന രീതികളിലും സ്വന്തം ശരീരപ്രകൃതിയിലും ഉണ്ടാകുന്ന മാറ്റങ്ങളിൽ സംതൃപ്തിയില്ലാത്തതു കാരണമുണ്ടാകുന്ന മാനസികാരോഗ്യപ്രശ്‌നമാണ് താളംതെറ്റിയ ഭക്ഷണക്രമത്തിനു പിന്നിൽ. ലോകത്തുള്ള 13.1 ശതമാനം സ്ത്രീകളിലും അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഇത് ബാധിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്നവരും ആർത്തവവിരാമമാകാത്തവരും അത് കഴിഞ്ഞുപോയവരുമെല്ലാം പഠനത്തിൽ പങ്കെടുത്തിരുന്നു. അനവധി ആരോഗ്യപ്രശ്‌നങ്ങളും നേരത്തേയുള്ള മരണസാധ്യതയുമെല്ലാം ഇത്തരം ഭക്ഷണക്രമത്തിന്റെ ഭാഗമായി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പ്രായമാകുമ്പോഴാണ് ഈ ആരോഗ്യപ്രശ്‌നങ്ങളൊക്കെ കൂടുതൽ പ്രകടമായിത്തുടങ്ങുന്നതത്രേ.

ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളിലാണ് സ്ഥിരതയില്ലാത്ത ഭക്ഷണക്രമം ഏറ്റവുമധികം കാണപ്പെടുന്നതെന്നും പഠനം പറയുന്നു. 40 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ ഇത് സംഭവിക്കാനുള്ള സാധ്യത 3.5 ശതമാനമാണ്. മധ്യവയസ്‌കരായ സ്ത്രീകളിൽ ശരീരഭാരം കൂടുമോ എന്ന ഭീതിയും ഭക്ഷണം നിയന്ത്രിക്കാൻ കഴിയാതിരിക്കുമോ എന്ന പേടിയുമാണ് ആർത്തവവിരാമസമയത്തും അതിനു തൊട്ടുശേഷവുമുണ്ടാകുന്ന ഭക്ഷണക്രമക്കേടുകൾക്കു കാരണമെന്ന് NAMS (North American Menopause Society) മെഡിക്കൽ ഡയറക്ടർ ഡോ. സ്റ്റെഫനി ഫോബിയൺ പറയുന്നു. ഈ കണ്ടുപിടുത്തത്തിലൂടെ മധ്യവയസ്‌കരായ സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ട് കൂടുതൽ ചികിത്സാരീകതികൾ വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ഡോ.സ്റ്റെഫനി കൂട്ടിച്ചേർക്കുന്നു,