ജോലിത്തിരക്കിനിടയിൽ ലൈംഗികജീവിതം; ദാമ്പത്യത്തിലെ അതൃപ്തി ഒഴിവാക്കാൻ ഇവ അറിയാം

  1. Home
  2. Lifestyle

ജോലിത്തിരക്കിനിടയിൽ ലൈംഗികജീവിതം; ദാമ്പത്യത്തിലെ അതൃപ്തി ഒഴിവാക്കാൻ ഇവ അറിയാം

sex


ജോലിത്തിരക്കുകളിൽ മുഴുകിയിരിക്കുന്ന വ്യക്തിയാണോ നിങ്ങളുടെ പങ്കാളി? ദാമ്പത്യജീവിതത്തിൽ പുറമേ പ്രശ്നമൊന്നുമില്ലെങ്കിലും അകമേ അസ്വാരസ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വർക്കഹോളിക് പുരുഷന്മാർ അഥവാ സദാ സമയവും ജോലിയില്‍ വ്യാപൃതരായ പുരുഷന്മാർ ജോലിക്ക് അമിത പ്രാധാന്യം നൽകുകയും അതിനായി കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നത് കുടുംബ ബന്ധങ്ങളെയും ലൈംഗികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. ഒരുപാട് നേരമുള്ള ജോലി സമ്മർദ്ദത്തിന് ഇടയാക്കുകയും അത് ലൈംഗിക തൃഷ്ണയും പങ്കാളിയുമായുള്ള ലൈംഗിക അടുപ്പവും പ്രവർത്തനവും കുറയാൻ കാരണമാവുകയും ചെയ്യും.

തനിക്കു തീരെ സമയം തരാതെ തൊഴിലിനു മുൻഗണന കൊടുക്കുന്ന പങ്കാളിയാണങ്കിൽ ബന്ധത്തില്‍ അതൃപ്തിയും നിരാശയുമുളവാക്കും. അതൃപ്തി പ്രകടിപ്പിക്കുന്നത് ദമ്പതികളെ സംഘർഷത്തിലേക്ക് നയിക്കാം. ഇത് ലൈംഗിത താൽപര്യത്തിലും റൊമാന്റിക് മൂഡിലുമെല്ലാം കാര്യമായ കുറവ് വരുത്തും. ഇത് അവരിൽ ലൈംഗികാഭിലാഷം കുറയുകയും പങ്കാളിയെ നിരന്തരം അവഗണിക്കാനിടവരുകയും പ്രശ്നത്തെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു. ലൈംഗിക ആവേശം കുറയുന്നത് ഇണകൾ തമ്മിലുള്ള അടുപ്പം കുറയ്ക്കാനും നിരാശയും സംഘർഷവും വളർത്താനും കാരണമാകുന്നു. ജോലിക്കു പോയ ഭർത്താവ് വളരെ വൈകി തിരിച്ചുവരുന്നതിനും ഭാര്യയെ അഭിമുഖീകരിക്കാന്‍‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനും കാരണമാകുന്നു. ഈ മാനസിക സംഘർഷം ദാമ്പത്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും തൊഴിലിനെയും പ്രതികൂലമായി ബാധിക്കും. 

സ്ട്രെസ് ഹോർമോണുകളായ കോർട്ടിസോൾ, എപ്പിനെഫ്രിൻ തുടങ്ങിയവയാണ് ഇതിനു കാരണമാകുന്നത്. ജോലിയെ പാഷനായി കാണുന്ന ഒരാൾക്ക് അവരുടെ കരിയർ ഇഷ്ടമായേക്കാമെങ്കിലും, ജോലിക്കായി ആവശ്യത്തിലേറെ സമയം ചെലവഴിക്കൽ പലപ്പോഴും അവരുടെ ലൈംഗിക ജീവിതം താറുമാറാക്കുമെന്ന് അവർ മനസ്സിലാക്കുന്നില്ല. കപ്പിൾ കൗൺസലിങ്ങിനു വരുന്ന മിക്ക കേസുകളിലും അവർ പുറത്തുപറയുന്ന കാരണങ്ങളാകില്ല യഥാർത്ഥ പ്രശ്നങ്ങളായി മനസ്സിലാകുന്നത്. ലൈംഗിക ജീവിതത്തിലെ പോരായ്മകളും അപാകതകളുമായിരിക്കും പ്രശ്നം. മനുഷ്യന് സെക്സ് ഒരു അടിസ്ഥാന ആവശ്യമാണെന്നിരിക്കെ ശരിയായ രീതിയിൽ അത് ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന അസ്വാരസ്യങ്ങളാണ് പലപ്പോഴും നമ്മൾ പുറത്ത് കാണുന്നതെന്നർത്ഥം.

ഈ അവസ്ഥയിൽനിന്ന് മോചനം നേടുന്നതിന് (WORKLIFE-BALANCE) തൊഴിൽ-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുൻഗണന നൽകാനും ബന്ധത്തിൽ ലൈംഗികാഭിലാഷത്തിന്റെ തീ വീണ്ടും ജ്വലിപ്പിക്കാനും ബോധപൂർവമായ ശ്രമം ആവശ്യമാണ്. വർക്കഹോളിക്ക് ആയ ഒരാൾ ജോലി പലപ്പോഴും സമ്മർദ്ദത്തിന്റെ പ്രധാന ഉറവിടമാണെന്നും സ്ട്രെസ് ആരോഗ്യകരമായ ലിബിഡോയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നും തിരിച്ചറിയുന്നില്ല. അത് മനസ്സിലാക്കി പുറത്തുകടക്കാനുള്ള വഴികൾ തേടുക എന്നത് പരമപ്രധാനമാണ്.

ഫലപ്രദമായ സ്ട്രെസ് മാനേജ്മെന്റ്, പങ്കാളികളുമായുള്ള തുറന്ന ആശയവിനിമയം, അടുപ്പം, മുൻഗണന നൽകുന്നതും ഷെഡ്യൂൾ ചെയ്തതുമായ ഡേറ്റിങ്, ക്വാളിറ്റി ടൈം എന്നിവ ലൈംഗികാഭിലാഷത്തെ വീണ്ടും ജ്വലിപ്പിക്കാൻ സഹായിക്കും.

പുരുഷന്മാരുടെ മാനസിക-ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താം

മാനസിക, ലൈംഗിക ആരോഗ്യത്തെ അവഗണിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിലും ജീവിതത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ സ്വന്തം ക്ഷേമത്തിനു മുൻഗണന നൽകാൻ ശ്രദ്ധിക്കണം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, മനസ്സും ശരീരവും തമ്മിലുള്ള സങ്കീർണ്ണമായ പരസ്പരബന്ധം ഉത്കണ്ഠ മുതൽ കുറഞ്ഞ ലിബിഡോ വരെ വിവിധ രീതികളിൽ പ്രകടമായേക്കാം.

ലൈംഗിക ആരോഗ്യത്തിന്റെ നിയന്ത്രണം നിങ്ങളുടെ കയ്യെത്തും ദൂരത്തുണ്ട് എന്നതാണ് വസ്തുത. ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെയും തുറന്ന ആശയവിനിമയം വളർത്തിയെടുക്കുന്നതിലൂടെയും ആവശ്യമുള്ളപ്പോൾ പ്രഫഷനൽ മാർഗനിർദേശം തേടുന്നതിലൂടെയും പുരുഷന്മാർക്ക് സംതൃപ്തവും ആസ്വാദ്യകരവുമായ ലൈംഗിക ജീവിതം ആരംഭിക്കാനും ആസ്വദിക്കാനും കഴിയും. അതിനുവേണ്ടുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ വേണ്ടുന്ന ഒരു മനസ്സുണ്ടാകുക എന്നതാണ് പ്രധാനം.

ഒരാൾക്ക് നല്ല ലൈംഗിക ജീവിതം ഉണ്ടെങ്കിൽ തീർച്ചയായും നല്ല സാമൂഹിക ജീവിതവും ലഭിക്കും. കാരണം നിങ്ങൾ ശരിയായ ലൈംഗികത ആസ്വദിക്കുമ്പോൾ നിങ്ങളുടെ മസ്തിഷ്കം സന്തോഷകരമായ ഹോർമോണുകൾ പുറപ്പെടുവിക്കുന്നു, സെക്‌സ് നിങ്ങളെ വിശ്രമിക്കാനും ദൈനംദിന ആകുലതകളിൽനിന്നും ഉത്കണ്ഠകളിൽനിന്നും മനസ്സിനെ മാറ്റാനും സഹായിക്കും. ലൈംഗികവേളയിൽ നിങ്ങളുടെ ശരീരം എൻഡോർഫിനുകളും ഓക്സിടോസിനും പുറത്തുവിടുന്നു, ഈ നല്ല ഹോർമോണുകൾ വിശ്രമത്തിന്റെയും അടുപ്പത്തിന്റെയും വികാരങ്ങൾ സൃഷ്ടിക്കുന്നു, അതുപോലെ തന്നെ ഉത്കണ്ഠയും വിഷാദവും അകറ്റാനും സഹായിക്കുന്നു.

ലൈംഗിക ജീവിതം ദീർഘകാലം തൃപ്തികരമല്ലെങ്കിൽ, ലൈംഗിക നൈരാശ്യം ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം തുടങ്ങിയ മോശം മാനസികാരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണാമാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.