യോഗാ മാറ്റിലും ഒളിഞ്ഞ് ഇരിപ്പുണ്ട് അപകടം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
വ്യായാമത്തിനും യോഗയ്ക്കും ഉപയോഗിക്കുന്ന ഒന്നാണ് യോഗ ചെയ്യാൻ ഉപയോഗിക്കുന്ന മാറ്റുകൾ അഥവാ യോഗാ മാറ്റ്. നിരവധി ആളുകൾ ഇന്ന് ഇത് ഉപയോഗിക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ പറ്റുന്ന ഒരു അബദ്ധമാണ് യോഗാ മാറ്റുകൾ ഉപയോഗിക്കുമ്പോൾ അതിന്റെ ശുചിത്വത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാതിരിക്കുന്നത്.
ശ്രദ്ധിച്ചില്ലെങ്കിൽ അണുക്കളുടെ ഒരു കേന്ദ്രമായി മാറുന്ന വസ്തുവാണ് യോഗാ മാറ്റ് എന്നതാണ് സത്യം. ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരെ ഉണ്ടാകുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അണുക്കളുടെ കേന്ദ്രമായി യോഗാ മാറ്റ് മാറാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
വിയർപ്പ്, അഴുക്ക്, ചെളി എന്നിവയുള്ള മാറ്റ് ചുരുട്ടി വയ്ക്കുമ്പോൾ അതിൽ ധാരാളമായി ബാക്ടീരിയകൾ വളരാനുള്ള സാദ്ധ്യതയുണ്ട്. അതോടൊപ്പം തന്നെ എണ്ണയും വിയർപ്പും യോഗാ മാറ്റിൽ ബാക്ടീരിയകൾക്കും ഫംഗസുകൾക്കും വളരെ സുരക്ഷിതമായി കഴിയാനുള്ള ഒരു സ്ഥലമായി മാറുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസവും കഴുകേണ്ട സാധനമാണ് യോഗാ മാറ്റ്. ഇത് വൃത്തിയാക്കാനായി ഒരു പ്രത്യേക രീതി തന്നെ പരീക്ഷിക്കാവുന്നതാണ്. വിനാഗിരിയും വെള്ളവും സോപ്പും ചേർന്ന മിശ്രിതത്തിൽ യോഗാ മാറ്റ് കുതിർത്ത് വച്ച ശേഷം മൃദുവായ തുണി ഉപയോഗിച്ച് ഉരസി കഴുകാം. മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് യോഗാ മാറ്റിന്റെ മദ്ധ്യ ഭാഗത്ത് കൂടുതൽ അഴുക്ക് പിടിപെടാൻ സാദ്ധ്യതയുള്ളതുകൊണ്ട് തന്നെ വൃത്തിയാക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. വ്യായാമം ചെയ്യേണ്ടത് എത്രത്തോളം ശരീരത്തിന് ആവശ്യമാണോ അത്രയും തന്നെ അത്യാവശ്യമാണ് വ്യായാമത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ശുചിത്വവും.