യുപിയിൽ മഴക്കെടുതിയിൽ 111 മരണം; പ്രയാഗ്‌രാജിലും മിർസാപൂരിലും കനത്ത നാശനഷ്ടം

  1. Home
  2. National

യുപിയിൽ മഴക്കെടുതിയിൽ 111 മരണം; പ്രയാഗ്‌രാജിലും മിർസാപൂരിലും കനത്ത നാശനഷ്ടം

up


ഉത്തർപ്രദേശിൽ നാശംവിതച്ച് കനത്ത മഴയും കാറ്റും തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 26 ജില്ലകളിൽ തുടരുന്ന മഴക്കെടുതിയിൽ 111 പേർ മരിക്കുകയും 72 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും കെട്ടിടങ്ങൾ തകർന്നുമാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചിട്ടുള്ളത്. പ്രയാഗ് രാജ്, മിർസാപൂർ, ഭദോഹി, ഫത്തേപൂർ, ബറേലി ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഴക്കെടുതിയിൽ 170 മൃഗങ്ങൾ ചാവുകയും 227 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഫത്തേപൂരിൽ മാത്രം 11 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഭാദോഹിയിലെ റാംപൂരിൽ ഗംഗാ ഘട്ടിലെ പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് നിരവധി പേർ നദിയിൽ വീണെങ്കിലും എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ മിർസാപൂരിലെ ഗൗര പ്രമാൻപൂരിൽ പാലം തകർന്നതിനെ തുടർന്ന് 20 ഗ്രാമങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരിതബാധിതർക്ക് 24 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകും. വിളനാശം, കന്നുകാലികളുടെ മരണം എന്നിവയ്ക്കും പ്രത്യേക നഷ്ടപരിഹാരം നൽകും. ഓരോ മൂന്ന് മണിക്കൂറിലും സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യാൻ ജില്ലാ അധികാരികളോട് ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തെക്കൻ രാജസ്ഥാനിൽ നിന്നുള്ള കിഴക്കൻ കാറ്റും പടിഞ്ഞാറൻ കാറ്റും തമ്മിലുള്ള പ്രതിപ്രവർത്തനമാണ് സംസ്ഥാനത്ത് ഇത്രയും മോശം കാലാവസ്ഥയ്ക്ക് കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്.