ബംഗാളിൽ 11-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

  1. Home
  2. National

ബംഗാളിൽ 11-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

BENGAL


ബംഗാളിലെ ബറൂയിപ്പുരിൽ 11 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പ്രഭാസ് മൊണ്ടാൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച അർദ്ധരാത്രിയോടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോഴാണ് സംഭവം. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പ്രതിക്ക് വെടിയേറ്റതെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചു.

പുലർച്ചെ 12:45 ഓടെയാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പിന് പുറപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപുരിൽ വെച്ച് കുറ്റകൃത്യം നടന്ന രീതി പുനരാവിഷ്കരിക്കുന്നതിനായാണ് ഇയാളെ കൊണ്ടുപോയത്. എന്നാൽ തെളിവെടുപ്പ് നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രഭാസ് മൊണ്ടാൽ അപ്രതീക്ഷിതമായി പോലീസിന്റെ പക്കൽ നിന്ന് തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

തോക്ക് കൈക്കലാക്കിയ പ്രതി പോലീസിന് നേരെ ഒരു റൗണ്ട് വെടിയുതിർക്കുകയും അവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നും പോലീസ് അറിയിച്ചു. ഇതേത്തുടർന്ന് സ്വയം പ്രതിരോധത്തിനായി പോലീസ് തിരിച്ചു വെടിവെക്കുകയായിരുന്നു. പോലീസിന്റെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രഭാസ് മൊണ്ടാലിനെ ഉടൻ തന്നെ ബറൂയിപ്പുർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ പീഡനവിവര പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വ്യാപകമായ ജനരോഷവും വിമർശനവും ഉയർന്നുവരുന്നതിനിടെയാണ് പ്രതി പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെടുന്നത്.