കർണ്ണാടകയിൽ 'മന്ത്രിപദവികൾ' 149; ധൂർത്തെന്ന് പ്രതിപക്ഷം

  1. Home
  2. National

കർണ്ണാടകയിൽ 'മന്ത്രിപദവികൾ' 149; ധൂർത്തെന്ന് പ്രതിപക്ഷം

IMAGE


ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കർണ്ണാടകയിൽ കോൺഗ്രസ് സർക്കാരിനു കീഴിൽ മന്ത്രിപദവി അഥവാ ക്യാബിനെറ്റ് റാങ്ക് ഉള്ളവരുടെ എണ്ണം 149 ആയി ഉയർന്നു. അടുത്തിടെ 54 ബോർഡ് / കോർപ്പറേഷൻ അധ്യക്ഷന്മാർക്ക് കൂടി മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് പദവി (MoS) ലഭിച്ചതോടെയാണ് ആകെ മന്ത്രിപദവികൾ 149ലേക്ക് ഉയർന്നത്. 135 എം.എൽ.എമാരാണ് കർണ്ണാടകയിൽ കോൺഗ്രസിനുള്ളത്. ഭരണഘടനാപരമായി അവിടെ 34 മന്ത്രിമാർ വരെ ആകാം. ആ സ്ഥാനത്താണ് കോൺഗ്രസിന്റെ ആകെ എം.എൽ.എമാരുടെ എണ്ണത്തെക്കാൾ അധികം മന്ത്രിപദവികൾ നൽകിയിരിക്കുന്നത്.ഇവരിൽ ബോർഡ് / കോർപ്പറേഷൻ അധ്യക്ഷന്മാർക്ക് പുറമെ സർക്കാരിന്റെ ഉപദേഷ്ടാക്കളും എം.എൽ.എമാരും വരെ ഉൾപ്പെടുന്നു.

ഈ പദവികൾ കർണ്ണാടക സർക്കാരിന് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതാണെന്ന് മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയും ജെ.ഡി.എസും ചൂണ്ടിക്കാട്ടുന്നു. മന്ത്രി പദവിയുള്ളവർക്ക് വിപുലമായ ആനുകൂല്യങ്ങളും അലവൻസുകളും നൽകുന്നുണ്ട്. മന്ത്രിപദവിയിൽ ഉള്ളവർക്ക് പ്രതിമാസം 50,000 രൂപ ഓണറേറിയം ലഭിക്കും. ചായസൽക്കാരത്തിന് 3000 രൂപയും വീട്ടുവാടകയിനത്തിൽ 80000 രൂപയും പ്രതിമാസം വേറെ ലഭിക്കും. അറ്റകുറ്റപ്പണികൾക്കും മറ്റുമായി 20000 രൂപയും ലഭിക്കും. കൂടാതെ, നിലവിലെ വിപണി നിരക്കിൽ ഏകദേശം 1,00,000 രൂപ വിലമതിക്കുന്ന 1,000 ലിറ്റർ ഇന്ധനവും 2,000 രൂപ മുതൽ 2,500 രൂപ വരെയുള്ള പ്രതിദിന യാത്രാ ബത്തയും സർക്കാർ നൽകുന്നു. തീർന്നില്ല, മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ്, പ്രോട്ടോക്കോൾ പരിഗണന എന്നിവയും ലഭിക്കും.

മന്ത്രിപദവിയുള്ള ഓരോ വ്യക്തിയ്ക്കും കീഴിൽ പേഴ്‌സണൽ സെകട്ടറി, ഒന്നിലധികം പി.എമാർ, ഡ്രൈവർമാർ, അറ്റൻഡർമാർ എന്നിവരും ഉണ്ട്. 149 മന്ത്രിപദവികൾ, അവർക്ക് കീഴിൽവരുന്ന വിപുലമായ സ്റ്റാഫ് ശൃംഖല. ഇതിൽ ഭൂരിപക്ഷവും സജീവ കോൺഗ്രസുകാരാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അസംതൃപ്തരായ കോൺഗ്രസ് നേതാക്കളെയും അണികളെയും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇങ്ങനെ തൃപ്തിപ്പെടുത്തണോ എന്നും അവർ ചോദിക്കുന്നു.

കർണ്ണാടകയിൽ ലോറി അപകടത്തിൽപ്പെട്ട അർജുന്റെ വാർത്തകളിലൂടെ മലയാളികൾക്ക് സുപരിചിതനായ സതീഷ് കൃഷ്ണ സെയിൽ എം.എൽ.എ അടക്കമുള്ളവർക്ക് ഇപ്പോൾ ക്യാബിനെറ്റ് റാങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളെ കോൺഗ്രസ് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കോൺഗ്രസ് പ്രഖ്യാപിച്ച ഗ്യാരണ്ടികൾക്കു പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ ജനങ്ങളുടെ നികുതിപ്പണം കോൺഗ്രസുകാരുടെ ക്ഷേമത്തിനായി വകമാറ്റുന്നുവെന്ന് പൊതുവികാരമുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇത് പ്രധാന പ്രചരണായുധമാക്കാൻ ഒരുങ്ങുകയാണ് കർണ്ണാടകയിലെ പ്രതിപക്ഷം.