ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ 16കാരിക്ക് കൂട്ടബലാത്സംഗത്തിനിരയാക്കി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
ഡൽഹിയിൽ 16കാരിയായ വിദ്യാർഥിനിയെ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയാക്കി. ബസ് ഡ്രൈവർ കുൽദീപും കണ്ടക്ടർ സന്ദീപുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയും 11-ാം ക്ലാസ് വിദ്യാർഥിനിയുമാണ് അതിക്രമത്തിനിരയായത്. . പെൺകുട്ടി വീട്ടുകാരെ അറിയിക്കാതെ നോയിഡയിലുള്ള ബന്ധുവിൻറെ വീട്ടിലേക്ക് പോകുകയായിരുന്നു. കനത്ത മഴയും ഇരുട്ടും കാരണം വഴിതെറ്റിയ പെൺകുട്ടി അബദ്ധത്തിൽ പരിചൗക്കിൽ ഇറങ്ങി.
തുടർന്ന് നോയിഡയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്‌താണ് പ്രതികൾ പെൺകുട്ടിയെ ബസിൽ കയറ്റിയത്. ബസ് യാത്ര ആരംഭിച്ചതിന് പിന്നാലെ കണ്ടക്ടർ പെൺകുട്ടിയോട് മോശമായി പെരുമാറുകയും, തുടർന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബസിനുള്ളിലെ കർട്ടനുകളെല്ലാം താഴ്ത്തിയ ശേഷമായിരുന്നു അതിക്രമം.ഏകദേശം 47 കിലോമീറ്റർ സഞ്ചരിച്ചശേഷം കശ്മീർ ഗേറ്റ് ബസ് ടെർമിനലിന് സമീപം പെൺകുട്ടിയെ പ്രതികൾ ഉപേക്ഷിച്ചതായാണ് പൊലീസ് റിപ്പോർട്ട്. ബസ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി.
മെക്കാനിക്കൽ തകരാറിനെ തുടർന്ന് സൂരജ്പൂരിലെ വർക്ക്‌ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച ബസാണ് സംഭവത്തിന് ഉപയോഗിച്ചത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി ഒഴിഞ്ഞ ബസുമായി ടിമാർപൂരിലേക്ക് പോകുന്നതിനിടെയാണ് പരിചൗക്കിൽ പെൺകുട്ടിയെ പ്രതികൾ കണ്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
