പശ്ചിമ ബംഗാളിൽ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. 23കാരനായ പ്രതി തെളിവെടുപ്പിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിർത്തതിനെത്തുടർന്ന് നടത്തിയ തിരിച്ചടിയിലാണ് കൊല്ലപ്പെട്ടതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി പ്രതിയെ ഗായ്ഘട്ടിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത പ്രതി വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് തിരിച്ച് വെടിയുതിർത്തതോടെപ്രതിക്ക് പരിക്കേറ്റു. ചന്ദ്പാറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.പ്രതി തോക്ക് തട്ടിയെടുത്തതും തുടർന്നുണ്ടായ വെടിവയ്പും സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടില്ല.
പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി ശനിയാഴ്ച രാത്രി വീടിനടുത്ത് നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഫോൺ കോൾ വന്നതിനു പിന്നാലെ പരിപാടിസ്ഥലത്തുനിന്ന് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ പൊലീസിന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബലാത്സംഗക്കേസ് പ്രതി വെടിയേറ്റ് കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.
