27 മാവോവാദികൾ കീഴടങ്ങി; ഝാർഖണ്ഡ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട കീഴടങ്ങൽ

  1. Home
  2. National

27 മാവോവാദികൾ കീഴടങ്ങി; ഝാർഖണ്ഡ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട കീഴടങ്ങൽ

maoists


ഝാർഖണ്ഡിൽ നിരോധിത സംഘടനയിലെ മുതിർന്ന നേതാവ് മിസിർ ബെസ്രയുടെ സംഘത്തിൽപ്പെട്ട 27 മാവോവാദികൾ പോലീസിന് മുന്നിൽ ഒരേസമയം കീഴടങ്ങി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട കീഴടങ്ങലാണിതെന്ന് പോലീസ് അറിയിച്ചു. സർക്കാരിന്റെ കീഴടങ്ങൽ-പുനരധിവാസ നയമായ 'ഓപ്പറേഷൻ നവജീവൻ' പദ്ധതിയിൽ ആകൃഷ്ടരായും ഉൾപ്പാർട്ടി ചൂഷണങ്ങളിൽ മനംമടുത്തുമാണ് ഇവർ അക്രമത്തിന്റെ പാത വെടിഞ്ഞ് മുഖ്യധാരയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.

കീഴടങ്ങിയവരിൽ മിസിർ ബെസ്ര (സാഗർ ജി), കോൾഹാൻ-സാരന്ദ മേഖലകളിൽ സജീവമായ അസിം മണ്ഡൽ എന്നിവരുടെ സംഘത്തിലെ ഉന്നത കമാൻഡർമാരും അംഗങ്ങളും ഉൾപ്പെടുന്നു. ഇതിൽ ആറ് സ്‌പെഷ്യൽ സോണൽ കമ്മിറ്റി അംഗങ്ങളും (SZCM), ആറ് ഏരിയ കമ്മിറ്റി അംഗങ്ങളും (ACM), നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയിലെ 13 സ്‌ക്വാഡ് അംഗങ്ങളും അടങ്ങിയിരിക്കുന്നു. കൂടാതെ, ഗുംല ജില്ലയിൽ പ്രവർത്തിക്കുന്ന മാവോവാദി ഗ്രൂപ്പായ ഝാർഖണ്ഡ് ജൻ മുക്തി പരിഷത്തിലെ (JJMP) രണ്ട് അംഗങ്ങളും കീഴടങ്ങിയിട്ടുണ്ട്. ഇവരിൽ നിന്ന് 17 ആയുധങ്ങളും മൂവായിരത്തോളം തീയുണ്ടകളും ഉൾപ്പെടെ വൻതോതിൽ ആയുധശേഖരവും സുരക്ഷാസേന കണ്ടെടുത്തു.

തുടർച്ചയായ സൈനിക നീക്കങ്ങൾ, സംഘടനയ്ക്കുള്ളിലെ ആഭ്യന്തര ചൂഷണം, വർധിച്ചുവരുന്ന സുരക്ഷാ സമ്മർദ്ദം എന്നിവ കാരണം പല കേഡർമാരും മുഖ്യധാരയിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കപ്പെട്ടതായി ഐജി (ഓപ്പറേഷൻസ്) നരേന്ദ്ര കുമാർ സിങ് അറിയിച്ചു. പോലീസ് കണക്കുകൾ പ്രകാരം, 2026-ൽ ഇതുവരെ 44 മാവോവാദികൾ അറസ്റ്റിലാവുകയും 29 പേർ കീഴടങ്ങുകയും 22 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കോൾഹാൻ, സാരന്ദ വനമേഖലകളെക്കുറിച്ച് കൃത്യമായ അറിവുള്ള ഇവർ പശ്ചിമ സിങ്ങ്ഭുമിലും പരിസര ജില്ലകളിലും സജീവമായിരുന്നു. ഒളിവിൽ കഴിയുന്ന മിസിർ ബെസ്രയെ കണ്ടെത്താനുള്ള തിരച്ചിൽ സംസ്ഥാന പോലീസ്, സിആർപിഎഫിന്റെ കോബ്ര (CoBRA) ബറ്റാലിയനുകൾ, ഝാർഖണ്ഡ് ജാഗ്വാർ സേന എന്നിവർ സംയുക്തമായി ഊർജ്ജിതമാക്കിയിട്ടുണ്ട്. മേഖലയിൽ മാവോവാദി സ്വാധീനം പൂർണ്ണമായും ഇല്ലാതാക്കുന്നതിനായി സാരന്ദ മേഖലയിൽ 21 പുതിയ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസുകൾ (FOBs) സ്ഥാപിച്ചതായും പോലീസ് വ്യക്തമാക്കി.