മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് 5 മരണം; 17 പേർക്ക് പരിക്ക്
മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിൽ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. മനാവത് താലൂക്കിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ യശ്വദി ക്ഷേത്രത്തിലാണ് ശനിയാഴ്ച ദാരുണമായ സംഭവം നടന്നത്. ശ്രീകോവിലിന് മുന്നിലെ മേൽക്കൂരയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ശനിയാഴ്ചയായതിനാൽ ക്ഷേത്രത്തിൽ വലിയ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. നിർമാണത്തിനായി രാജസ്ഥാനിൽ നിന്നുള്ള വലിയ പിങ്ക് കല്ലുകളായിരുന്നു ഉപയോഗിച്ചിരുന്നത്. താങ്ങിനിർത്തിയിരുന്ന സ്കാർഫോൾഡിംഗ് തകർന്നതോടെ ഈ കല്ലുകൾ ഭക്തരുടെ മേലേക്ക് പതിക്കുകയായിരുന്നുവെന്ന് മന്ത്രി മേഘന ബോർഡികർ അറിയിച്ചു. നാട്ടുകാരുടെ അഭ്യർത്ഥനയെത്തുടർന്ന്, നിർമാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തിരുന്നു. അപകടത്തെ തുടർന്ന് അഞ്ച് ഹെവി മെഷീനുകളും അമ്പതോളം ആംബുലൻസുകളും എത്തിച്ചാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവർ ജില്ലാ ജനറൽ ആശുപത്രിയിലും ആർപി മെഡിക്കൽ കോളജിലുമായി ചികിത്സയിലാണ്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ (X) കുറിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
