ഡല്‍ഹിയില്‍ 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; ടാക്സി ഡ്രൈവർ അറസ്റ്റിൽ

  1. Home
  2. National

ഡല്‍ഹിയില്‍ 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; ടാക്സി ഡ്രൈവർ അറസ്റ്റിൽ

crime


ഡൽഹിയിലെ മെഹ്റൗളിയിൽ റോഡരികിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ആപ്പ് അധിഷ്ഠിത ക്യാബ് ഓടിക്കുന്ന ബിഹാർ സ്വദേശിയായ ബബ്ലു (25) എന്നയാളെയാണ് മെഹ്റൗളി പോലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് വഴിയോരത്ത് ബലൂൺ വിൽക്കുന്ന ബിഹാർ സ്വദേശികളായ ദമ്പതികൾ തങ്ങളുടെ മകളെ കാണാനില്ലെന്ന് തിരിച്ചറിയുന്നത്. തുടർന്ന് രാവിലെ ഏഴുമണിയോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് പരിസരത്തെ നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നത്. തിങ്കളാഴ്ച അർധരാത്രിയോടെ പിടിയിലായ പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. മെഹ്റൗളിയിലെ നടപ്പാതയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഗുരുഗ്രാമിലെത്തിച്ച് പീഡിപ്പിച്ച ശേഷം തിരികെ എത്തിക്കാൻ ശ്രമിച്ചെങ്കിലും, പ്രദേശത്ത് പൊലീസിനെ കണ്ടതോടെ പ്രതി കുട്ടിയുമായി വീണ്ടും കടന്നുകളയുകയായിരുന്നു.

പിന്നീട് കുട്ടി വിവരങ്ങൾ പുറത്തുപറയുമെന്ന ഭയത്താൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലെ വനപ്രദേശത്തുനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് നിയമനടപടികൾ ശക്തമാക്കിയിട്ടുണ്ട്.