മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂലിന്റെ 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇ.ഡി
പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് (TMC) കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടിയുടെ 440 കോടിയിലധികം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് തൃണമൂലിന്റെ മൂന്ന് എച്ച്.ഡി.എഫ്.സി (HDFC) ബാങ്ക് അക്കൗണ്ടുകൾക്കെതിരെ ഇ.ഡി നടപടിയെടുത്തത്. ഈ അക്കൗണ്ടുകളിലായി ആകെ 440.42 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നതായി ഇ.ഡി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പാർട്ടിയുടെ ഫണ്ടുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം.
വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന 'കെയർവെൽ' ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേതാക്കളുടെ യാത്രാച്ചെലവുകൾക്കായി വൻതോതിൽ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസിലാണ് നിലവിലെ നടപടി. 2023 ഏപ്രിലിനും 2026 ജൂണിനുമിടയിൽ തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 'കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയിലേക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലേക്കുമായി 160 കോടിയോളം രൂപ കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ തുക ഉപയോഗിച്ച് എംബ്രയർ ലെഗസി 600 വിമാനവും അഗസ്റ്റ 109 ഗ്രാൻഡ് ന്യൂ ഹെലികോപ്റ്ററും വാങ്ങിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. കൂടാതെ, ഹെലികോപ്റ്റർ വാങ്ങുന്നതിനായി കേമാൻ ഐലൻഡ്‌സ് കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തിൽ നിന്ന് 1.7 ദശലക്ഷം യു.എസ് ഡോളർ സുരക്ഷിതമല്ലാത്ത വായ്പയായി സംഘടിപ്പിച്ചതായും ഇ.ഡി ആരോപിക്കുന്നു. ഈ പണത്തിന്റെ കൃത്യമായ ഉറവിടം, വിദേശ ധനസഹായം, ഇടപാടിൽ ഉൾപ്പെട്ട കമ്പനികളുടെ പങ്ക് എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ തുടർനടപടികൾ ഉണ്ടാകുമെന്നും ഇ.ഡി വ്യക്തമാക്കി.
