മമതയ്ക്ക് കനത്ത തിരിച്ചടി; പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ പോലീസിൽ

  1. Home
  2. National

മമതയ്ക്ക് കനത്ത തിരിച്ചടി; പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ പോലീസിൽ

tmc bhavan


പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും (TMC) കനത്ത തിരിച്ചടി നൽകിക്കൊണ്ട് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ രംഗത്ത്. പാർട്ടിയുമായുള്ള വാടകക്കരാറിന്റെ കാലാവധി 2025-ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മെയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര പ്രതിസന്ധി തുടരുന്നതിനിടയിലാണ് പുതിയ തിരിച്ചടി.

2022-ലാണ് കൊൽക്കത്തയിലെ പ്രശസ്തമായ ഒരു ഹോട്ടലായിരുന്ന ഈ കെട്ടിടം തൃണമൂൽ കോൺഗ്രസ് ദേശീയ ആസ്ഥാനത്തിനായി വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെയും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും പാർട്ടിയുടെ പ്രധാന വാർ റൂം പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. കരാർ കാലാവധി കഴിഞ്ഞതിനാൽ അടിയന്തരമായി കെട്ടിടം ഒഴിപ്പിച്ചു നൽകണമെന്നാണ് ഉടമയുടെ ആവശ്യം.

അതേസമയം, 2022-ന് മുമ്പ് തൃണമൂൽ കോൺഗ്രസ് ആസ്ഥാനമായിരുന്ന 'തൃണമൂൽ ഭവൻ' എന്ന കെട്ടിടവും ഒഴിഞ്ഞുതരണമെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു എംഎൽഎ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടമെന്നും മമത ബാനർജി ഇത് ഒഴിഞ്ഞുതരണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. ഭൂരിഭാഗം എംഎൽഎമാരും വിമതസഖ്യത്തിലേക്ക് നീങ്ങുന്നതിനിടയിൽ പാർട്ടി ഓഫീസുകൾ കൂടി നഷ്ടപ്പെടുന്നത് തൃണമൂലിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.