'ഗ്യാനേഷ് കുമാറിനെതിരെ കേസെടുക്കണം'; പോലീസിൽ പരാതി നൽകി മഹുവ മൊയ്ത്ര
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട ചില തീരുമാനങ്ങളിൽ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ വിയോജിപ്പ് അറിയിച്ചെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നീക്കം. എന്നാൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
കഴിഞ്ഞ പത്ത് മാസത്തിനിടെ വോട്ടർ രജിസ്‌ട്രേഷൻ മാറ്റങ്ങളുമായി ബന്ധപ്പെട്ട് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 14 തവണ എതിർപ്പ് അറിയിച്ചിട്ടുണ്ടെന്ന് മഹുവ ചൂണ്ടിക്കാട്ടി. ഇവരുടെ രേഖാമൂലമുള്ള അഭിപ്രായം മറികടന്ന് തീരുമാനങ്ങളെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് അധികാരമില്ലെന്നും അവർ പറഞ്ഞു. എസ്‌ഐആറുമായി ബന്ധപ്പെട്ട് പൊതുപണം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും, തെളിവുകൾ സുരക്ഷിതമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം മഹുവയുടെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ തള്ളി. എസ്‌ഐആർ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ മൂന്ന് കമ്മിഷണർമാരും ചേര്‍ന്ന് ഒറ്റക്കെട്ടായാണ് എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
