ബംഗാളിൽ വകുപ്പുകളിൽ തീരുമാനമായി; സ്വപൻദാസ് ഗുപ്തയ്ക്ക് ധനവകുപ്പ്; സുവേന്ദു മന്ത്രിസഭയിലെ അംഗസംഖ്യ 41 ആയി

  1. Home
  2. National

ബംഗാളിൽ വകുപ്പുകളിൽ തീരുമാനമായി; സ്വപൻദാസ് ഗുപ്തയ്ക്ക് ധനവകുപ്പ്; സുവേന്ദു മന്ത്രിസഭയിലെ അംഗസംഖ്യ 41 ആയി

suvendhu


പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ ബിജെപി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ സ്വപൻദാസ് ഗുപ്ത സംസ്ഥാനത്തിന്റെ പുതിയ ധനകാര്യ വകുപ്പ് മന്ത്രിയാകും. തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന തപസ് റോയ്‌ക്കാണ് സുപ്രധാനമായ വ്യവസായ വകുപ്പ് നൽകിയിരിക്കുന്നത്.

മറ്റു പ്രമുഖ ക്യാബിനറ്റ് വകുപ്പുകൾ ഇങ്ങനെയാണ്:

  • ആരോഗ്യം: ശരദ്വാത് മുഖർജി
  • കൃഷി: ദുദ് കുമാർ മൊണ്ഡൽ
  • ഉന്നത വിദ്യാഭ്യാസം: ജഗന്നാഥ് ചത്തോപാധ്യായ (മാധ്യമപ്രവർത്തകൻ)
  • സ്കൂൾ വിദ്യാഭ്യാസം: ദീപക് ബർമൻ
  • ടൂറിസം, പാർലമെന്ററികാര്യങ്ങൾ: ശങ്കർ ഘോഷ്
  • തൊഴിൽ, ഗതാഗതം: അർജുൻ സിങ്

സഹമന്ത്രിമാരിൽ ഇന്ദ്രനിൽ ഖാന് കായികം, യുവജന, വാണിജ്യ വകുപ്പുകളുടെ ചുമതല നൽകിയപ്പോൾ, മാലതി റവ റോയിക്ക് വനിതാ-ശിശുവികസന വകുപ്പുകളുടെ ചുമതല ലഭിച്ചു.

ഇക്കഴിഞ്ഞ ജൂൺ ഒന്നിന് 35 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെയാണ് സുവേന്ദു അധികാരി മന്ത്രിസഭയിലെ ആകെ അംഗസംഖ്യ 41 ആയി ഉയർന്നത്. മെയ് ഒൻപതിന് മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം അഞ്ച് മന്ത്രിമാരായിരുന്നു ആദ്യഘട്ടത്തിൽ അധികാരമേറ്റത്. നിലവിൽ മുഖ്യമന്ത്രി ഉൾപ്പെടെ 19 ക്യാബിനറ്റ് മന്ത്രിമാരും, സ്വതന്ത്ര ചുമതലയുള്ള 3 സഹമന്ത്രിമാരും, 19 സഹമന്ത്രിമാരും അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ.

സുപ്രധാന വകുപ്പുകളായ ആഭ്യന്തരം, ഭൂപരിഷ്കരണം, ദുരിതാശ്വാസം, ഊർജ്ജം എന്നിവ മുഖ്യമന്ത്രി സുവേന്ദു അധികാരി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മുതിർന്ന നേതാവും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ ദിലിപ് ഘോഷിന് പഞ്ചായത്ത്, ഗ്രാമവികസന, കൃഷി വിപണനം എന്നീ വകുപ്പുകളുടെ ചുമതല നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ 15 വർഷം നീണ്ടുനിന്ന തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്.