കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ നടക്കുമെന്ന് റിപ്പോർട്ടുകൾ

  1. Home
  2. National

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ നടക്കുമെന്ന് റിപ്പോർട്ടുകൾ

Parliament


 

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ നടക്കുമെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിസഭയിൽ വന്നേക്കാവുന്ന മാറ്റങ്ങളെ കുറിച്ച് ഇരുനേതാക്കളും രാഷ്ട്രപതിയെ ധരിപ്പിച്ചുവെന്നാണ് സൂചന.

എഎപി, ടിഎംസി, ശിവസേന, യുബിടി തുടങ്ങിയവയിൽനിന്ന് നിരവധി വിമതനേതാക്കൾ എൻഡിഎ പക്ഷത്തേക്ക് ഇക്കഴിഞ്ഞനാളുകളിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇവരെ പരിഗണിക്കും വിധത്തിലുള്ള പുനഃസംഘടനയ്ക്കാണ് സാധ്യത കൂടുതൽ. പരീക്ഷാക്രമക്കേട് വിവാദച്ചുഴിയിൽപെട്ടിരിക്കുന്ന കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹർദീപ് സിങ് പുരിക്ക് പകരക്കാരനായി മറ്റൊരു സിഖ് അല്ലെങ്കിൽ പഞ്ചാബിൽനിന്നുള്ള നേതാവ് മന്ത്രിസഭയിലെത്തിയേക്കും. വകുപ്പിൽ വ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്. ശിവസേന എംപി ശ്രീകാന്ത് ഷിന്ദേ, എഎപിയിൽനിന്ന് കലഹിച്ചിറങ്ങിപ്പോന്ന രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, ബിഹാർ മുൻമുഖ്യമന്ത്രി നിതീഷ് കുമാർ, ടിഎംസിയുടെ രാജ്യസഭാ മുൻ എംപി സുഖേന്ദു ശേഖർ റേ എന്നിവർക്ക് മന്ത്രിസഭയിൽ ഇടംലഭിച്ചേക്കും.

ആർഎസ്എസുമായി അടുത്തബന്ധമുള്ള ബിജെപി നേതാവ് തരുൺ ചുഗിനും മന്ത്രിസഭാ പുനഃസംഘടനയോടെ മോദി 3.0 കാബിനറ്റിൽ സ്ഥാനം ലഭിക്കുമെന്നാണ് സൂചന. നിർമലാ സീതാരാമൻ, മനോഹർ ലാൽ ഘട്ടർ, നിതിൻ ഗഡ്കരി തുടങ്ങിയവരുടെ വകുപ്പുകൾ മാറിയേക്കും.