പഞ്ചാബിൽ ആം ആദ്മിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മൂന്ന് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നേതാക്കൾ അംഗത്വം സ്വീകരിച്ചത്.
സനൗർ എംഎൽഎ ഹർമീത് സിങ് പഠാൻമജ്ര, സമാന എംഎൽഎ ചേതൻ സിങ് ജൗരമജ്ര, അമൃത്സർ നോർത്ത് എംഎൽഎയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കുൻവർ വിജയ് പ്രതാപ് സിങ് എന്നിവരാണ് പാർട്ടി വിട്ടത്.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടമായി 40 സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആം ആദ്മിക്ക് ഈ തിരിച്ചടി നേരിട്ടത്. നേരത്തേ തന്നെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന നേതാക്കൾക്ക് സീറ്റ് നിഷേധിച്ചതോടെ അതൃപ്തി പരസ്യമാക്കി പാർട്ടി വിടുകയായിരുന്നു.
മുൻ ശിരോമണി അകാലിദൾ നേതാവ് സുർജിത് സിങ് രഖ്‌റയ്ക്ക് സമാന മണ്ഡലത്തിലെ പാർട്ടി പ്രവർത്തനങ്ങളുടെ നിർണായക ചുമതല നൽകിയതാണ് ചേതൻ സിങ് ജൗരമജ്രയുടെ അതൃപ്തിക്ക് കാരണമെന്നാണ് റിപ്പോർട്ട്.
ബിജെപിയിൽ ചേർന്ന നേതാക്കൾ പഞ്ചാബിലെ ആം ആദ്മി സർക്കാരിനെതിരെ രൂക്ഷവിമർശനവും ഉന്നയിച്ചു. ക്രിമിനലുകളും ഗുണ്ടകളും സർക്കാർ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണെന്ന് അവർ ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ആം ആദ്മി നേതാക്കൾ പാർട്ടി വിട്ടേക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
