സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ നിരാഹാര സമരം ഏറ്റെടുത്ത് അഭിജീത് ദീപ്‌കെ

  1. Home
  2. National

സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ നിരാഹാര സമരം ഏറ്റെടുത്ത് അഭിജീത് ദീപ്‌കെ

deepke


നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിനെ ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്നതോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. നിലവിൽ അദ്ദേഹത്തെ ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്റെ അനുവാദമില്ലാതെ വാങ്ചുകിന് മരുന്നുകൾ നൽകരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. അങ്‌മോ ആവശ്യപ്പെട്ടിട്ടുണ്ട്.

വാങ്ചുകിനെ മാറ്റിയതിന് പിന്നാലെ സമരം ഏറ്റെടുത്ത് കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്‌കെ രംഗത്തെത്തി. ജന്തർ മന്തറിൽ താൻ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതായി ദീപ്‌കെ എക്‌സ് (X) പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനിടെ ഡൽഹി പൊലീസ് തന്നെ മർദ്ദിച്ചതായും കസ്റ്റഡിയിലെടുത്തതായും ദീപ്‌കെ ആരോപിച്ചു.

സമരരംഗത്തുനിന്ന് ആരും പിന്തിരിയരുതെന്നും വലിയ അബദ്ധമാണ് പൊലീസ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമരത്തെ പിന്തുണയ്ക്കുന്നവരെല്ലാം ജന്തർ മന്തറിലേക്ക് എത്തണമെന്നും ജൂലൈ 20-ന് നിശ്ചയിച്ചിട്ടുള്ള സിജെപിയുടെ 'ചലോ സൻസദ്' പാർലമെന്റ് മാർച്ച് നിശ്ചയിച്ചതുപോലെ തന്നെ മുന്നോട്ട് പോകുമെന്നും അഭിജീത് ദീപ്‌കെ ആഹ്വാനം ചെയ്തു. അതേസമയം, ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് നിലവിൽ ശക്തമായ പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.