ഗർഭഛിദ്രത്തിന് ഭർത്താവിന്‍റെ അനുമതി വേണ്ട; പഞ്ചാബ് - ഹരിയാന ഹൈക്കോടതി

  1. Home
  2. National

ഗർഭഛിദ്രത്തിന് ഭർത്താവിന്‍റെ അനുമതി വേണ്ട; പഞ്ചാബ് - ഹരിയാന ഹൈക്കോടതി

hc


ഗര്‍ഭഛിദ്രത്തിന് വിവാഹിതയായ സ്ത്രീയുടെ സമ്മതം മാത്രം മതിയാകുമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി. ഭര്‍ത്താവുമായുള്ള ബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 21-കാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. 2025 മേയ് മാസത്തിലായിരുന്നു യുവതിയുടെ വിവാഹം. എന്നാല്‍ ഭര്‍ത്താവുമായുള്ള ബന്ധം അസ്വസ്ഥമായതിനാലും വിവാഹമോചന നടപടികള്‍ക്കിടയിലുള്ള ഗര്‍ഭധാരണം കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതിനാലും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

ചണ്ഡീഗഡിലെ പി.ജി.ഐ.എം.ഇ.ആർ (PGIMER) ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് യുവതിയെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. യുവതിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ശാരീരികമായും മാനസികമായും തടസ്സങ്ങളില്ലെന്നും സ്വന്തം സമ്മതം അറിയിക്കാനുള്ള മാനസികാരോഗ്യം അവര്‍ക്കുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവാഹമോചന നടപടികള്‍ക്കിടയിലെ ഗര്‍ഭധാരണം യുവതിയെ വിഷാദത്തിലേക്ക് നയിക്കുന്നുണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.

1971-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി (MTP) നിയമപ്രകാരം ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി നേരിട്ടോ അല്ലാതെയോ ആവശ്യമില്ലെന്ന് ജസ്റ്റിസ് സുവീര്‍ സെഗാള്‍ നിരീക്ഷിച്ചു. തന്റെ ഗര്‍ഭധാരണവുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഏറ്റവും അനുയോജ്യയായ വ്യക്തി ആ സ്ത്രീ തന്നെയാണെന്നും കോടതി വ്യക്തമാക്കി. ഗര്‍ഭകാലയളവ് 20 ആഴ്ചയില്‍ താഴെയായതിനാല്‍ നിയമപരമായ തടസ്സങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അംഗീകൃത ആശുപത്രികളില്‍ ഗര്‍ഭഛിദ്രം നടത്താന്‍ യുവതിക്ക് അനുമതി നല്‍കി.