വിദ്യാർഥിനികളെ അബിൻ ആക്രമിച്ചത് പ്രണയാഭ്യർഥന നിരസിച്ചപ്പോൾ; ആസിഡ് വാങ്ങിയത് ഓൺലൈനിൽനിന്ന്

  1. Home
  2. National

വിദ്യാർഥിനികളെ അബിൻ ആക്രമിച്ചത് പ്രണയാഭ്യർഥന നിരസിച്ചപ്പോൾ; ആസിഡ് വാങ്ങിയത് ഓൺലൈനിൽനിന്ന്

ACID


കർണാടകയിൽ വിദ്യാർഥികളായ മലയാളി പെൺകുട്ടികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി അബിൻ സിബി (23) ആസിഡ് വാങ്ങിയത് ഓൺലൈൻ വഴിയെന്നു റിപ്പോർട്ട്. നിലമ്പൂർ സ്വദേശിയായ അബിൻ, ആസിഡ് നേർപ്പിച്ച ശേഷമാണു പെൺകുട്ടികളുടെ ശരീരത്തിൽ ഒഴിച്ചത്. 2 മാസത്തെ ആസൂത്രണത്തിനു ശേഷമായിരുന്നു ആക്രമണം. പൊള്ളലേറ്റ 3 വിദ്യാർഥിനികളും അപകടനില തരണം ചെയ്തു. പ്രണയാഭ്യർഥന നിരസിച്ചതിനാണു കർണാടകയിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണമുണ്ടായത്.

ഓൺലൈൻ സൈറ്റ് വഴി വാങ്ങിയ ആസിഡ് കോയമ്പത്തൂരിൽനിന്നാണ് അബിൻ ശേഖരിച്ചതെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി കർണാടക വനിതാ കമ്മിഷൻ അധ്യക്ഷ ഡോ. നാഗലക്ഷ്മി ചൗധരി പറഞ്ഞു. നേർപ്പിച്ച ആസിഡ് പ്ലാസ്റ്റിക് കുപ്പിയിലാണ് എത്തിച്ചത്. ആസിഡ് നേർപ്പിച്ചതിനാലാണ് പരുക്ക് ഗുരുതരമാകാതിരുന്നതും. പരുക്കേറ്റ പെൺകുട്ടികളെ ഡോ. നാഗലക്ഷ്മി ചൗധരി സന്ദർശിച്ചു. ഒരു പെൺകുട്ടിക്ക് 20 ശതമാനവും മറ്റു പെൺകുട്ടികൾക്ക് 12 ശതമാനവും പൊള്ളലാണ് ഏറ്റിരിക്കുന്നതെന്ന് അവർ പറഞ്ഞു. അടിയന്തരമായി ഇവർക്ക് നാലു ലക്ഷം രൂപയും പിന്നീട് ചികിത്സയ്ക്കായി 20 ലക്ഷം രൂപയും നൽകുമെന്നും അവർ അറിയിച്ചു.

പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്ന 3 പെൺകുട്ടികൾക്കു നേരെയാണ് അബിൻ ആസിഡ് ആക്രമണം നടത്തിയത്. കഡാബ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരെയും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവ. കോളജിലാണ് വിദ്യാർഥിനികൾ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അബിനെ വിദ്യാർഥികളും കോളജ് അധികൃതരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.