പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഗണപതി വിഗ്രഹങ്ങൾക്ക് തമിഴ്നാട്ടിൽ വിലക്ക്; നിർമ്മാണവും വിൽപ്പനയും പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

  1. Home
  2. National

പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഗണപതി വിഗ്രഹങ്ങൾക്ക് തമിഴ്നാട്ടിൽ വിലക്ക്; നിർമ്മാണവും വിൽപ്പനയും പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

Madras hc


തമിഴ്നാട്ടിൽ പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഗണപതി വിഗ്രഹങ്ങളുടെ വില്പന മദ്രാസ് ഹൈക്കോടതി വിലക്കി. പ്ലാസ്റ്റർ ഓഫ് പാരിസിലുള്ള വിഗ്രഹങ്ങൾ വിൽക്കാമെന്ന മദ്രാസ് കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ്‌ റദ്ദാക്കിയാണ് ഞായറാഴ്ചത്തെ പ്രത്യേക സിറ്റിങ്ങിൽ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഗണേശചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ഉത്തരവ്. 
പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിക്കുന്ന വിഗ്രഹങ്ങളുടെ വില്പന തടയാനാകില്ലെന്നും, പകരം അവ ജലാശയങ്ങളിൽ ഒഴുക്കുന്നത് തടയാമെന്നായിരുന്നു ജസ്റ്റിസ് ജിആർ സ്വാമിനാഥന്റെ മധുരൈ ബെഞ്ച് ശനിയാഴ്ച വിധിച്ചത്. ഇതോടൊപ്പം ഈ വിഗ്രഹങ്ങൾ വാങ്ങുന്നവരുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു രജിസ്റ്റർ സൂക്ഷിക്കണമെന്നും, അധികാരികൾ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ജസ്റ്റിസുമാരായ എസ് എസ് സുന്ദർ, ഭാരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു.
പ്ലാസ്റ്റർ ഓഫ് പാരിസിലും പ്ലാസ്റ്റിക്കിലുമുള്ള ഗണപതി വിഗ്രഹങ്ങളുടെ നിർമാണം, വില്പന, ജലാശയങ്ങളിൽ ഒഴുക്കുന്ന പ്രവൃത്തി എന്നിവ തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദ്ദേശങ്ങളുടെയും, ഡിവിഷൻ ബെഞ്ച് മുൻപ് പുറപ്പെടുവിച്ച വിധിയുടെയും അടിസ്ഥാനത്തിലാണ് പുതിയ നിർദേശം.
തമിഴ്നാട് സർക്കാരിന്റെ പ്രത്യേക നിയമങ്ങളുടെ അഭാവത്തിൽ പോലും ഈ മാർഗനിർദ്ദേശങ്ങൾ സംസ്ഥാനത്ത് ബാധകമാണെന്ന് കോടതി പറഞ്ഞു. ആരാധിക്കുന്ന ഓരോ ഗണപതി വിഗ്രഹവും വെള്ളത്തിൽ ഒഴുക്കേണ്ടതിനാൽ സിംഗിൾ ജഡ്ജിയുടെ ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും, പരമ്പരാഗതമായി കളിമണ്ണ് ഉപയോഗിച്ചാണ് വിഗ്രഹങ്ങൾ നിർമ്മിക്കുന്നതെന്നും പ്ലാസ്റ്റർ ഓഫ് പാരീസിന്റെ ഉപയോഗത്തിൽ മാത്രമാണ് നിരോധനമെന്നും ബെഞ്ച് വ്യക്തമാക്കി.