ആദിത്യ - എൽ1: ഇൻസെർഷൻ ദൗത്യം വിജയകരമായി, ഇനി ഭൂമിയുടെ പരിധിവിട്ട് സൂര്യനിലേക്ക്

  1. Home
  2. National

ആദിത്യ - എൽ1: ഇൻസെർഷൻ ദൗത്യം വിജയകരമായി, ഇനി ഭൂമിയുടെ പരിധിവിട്ട് സൂര്യനിലേക്ക്

Adithya


ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ-എൽ1 ബഹിരാകാശ പേടകത്തിന്റെ ഭ്രമണപഥം മാറ്റുന്ന ഇൻസെർഷൻ ദൗത്യം വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. പുലർച്ചെ രണ്ടരയോടെയാണ് ദൗത്യം പൂർത്തിയായത്. ഇതോടെ പേടകം ലക്ഷ്യ സ്ഥാനമായ നിർദിഷ്ട ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1)വിലേക്കുള്ള യാത്ര തുടങ്ങി. ക്രൂസ് ഫേസ് എന്നറിയപ്പെടുന്ന 110 ദിവസം നീളുന്ന യാത്രയ്ക്കൊടുവിലാണ് എൽ1നു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിൽ ആദിത്യ എത്തുക.

അതേസമയം, ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ സ്വഭാവം വിശകലനം ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായും ഐഎസ്ആർഒ അറിയിച്ചു. പേടകത്തിലെ സ്റ്റെപ്സ് എന്ന സെൻസറാണു ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പർ-തെർമൽ, എനർജിറ്റിക് അയോണുകളും ഇലക്ട്രോണുകളും പരിശോധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്. പേടകം ലക്ഷ്യസ്ഥാനത്തെത്തിയാലും പഠനങ്ങൾ തുടരും. സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉദ്ഭവം എന്നിവയെ കുറിച്ച് പഠനം നടത്താൻ ഈ വിവരങ്ങൾ ഉപയോഗിക്കും