അഹമ്മദാബാദ് വിമാനാപകടം: അന്തിമ അന്വേഷണ റിപ്പോർട്ട് വൈകിയേക്കും
അഹമ്മദാബാദ് വിമാനാപകടത്തിൽ അന്തിമ അന്വേഷണ റിപ്പോർട്ട് വൈകാനിടയുണ്ടെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അപകടം സംഭവിച്ച് ഏകദേശം ഒരു വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് വിവരം.തകർന്ന വിമാനത്തിന്റെ എൻജിനുകൾ വിശദമായ പരിശോധനയ്ക്കായി ജിഇ എയ്‌റോസ്‌പേസ് കമ്പനിക്ക് അയച്ചിട്ടുണ്ട്. എൻജിനുകളുടെ സമഗ്ര പരിശോധന പൂർത്തിയാകുന്നതുവരെ അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂൺ 12-നാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന ഉടൻതന്നെ സമീപത്തെ ജനവാസ മേഖലയിൽ ഇടിച്ചിറങ്ങിയത്. വിമാനത്തിൽ 242 പേർ ഉണ്ടായിരുന്നു; ഇതിൽ 241 പേർ മരണപ്പെട്ടു, ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.യാത്രക്കാരിൽ 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും ഉൾപ്പെട്ടിരുന്നു. അപകടത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരണപ്പെട്ടിരുന്നു.
