അണ്ണാ ഡി.എം.കെക്ക് വീണ്ടും തിരിച്ചടി; രാജിവെച്ച എം.എൽ.എമാരുടെ എണ്ണം നാലായി

  1. Home
  2. National

അണ്ണാ ഡി.എം.കെക്ക് വീണ്ടും തിരിച്ചടി; രാജിവെച്ച എം.എൽ.എമാരുടെ എണ്ണം നാലായി

aiadmk


തമിഴ്‌നാട് രാഷ്ട്രീയത്തിൽ അണ്ണാ ഡി.എം.കെയിൽ (AIADMK) നിന്നുള്ള എം.എൽ.എമാരുടെ രാജി തുടരുന്നു. അംബാസമുദ്രം മണ്ഡലത്തിലെ എം.എ.ൽ.എ എസാക്കി സുബയ തന്റെ നിയമസഭാംഗത്വം രാജിവെച്ചു. അടുത്തിടെയായി പാർട്ടിയിൽ നിന്ന് രാജിവെക്കുന്ന നാലാമത്തെ എം.എൽ.എയാണ് ഇദ്ദേഹം. ചൊവ്വാഴ്ച സെക്രട്ടറിയേറ്റിലെത്തി സ്പീക്കർ ജെ.സി.ഡി പ്രഭാകറിന് അദ്ദേഹം രാജി സമർപ്പിച്ചു.

നിലവിലെ സഖ്യഭരണത്തിൽ നിന്ന് മാറി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായി ടി.വി.കെ (TVK) നടത്തുന്ന 'ഓപ്പറേഷൻ എൽ' എന്ന നീക്കത്തിന്റെ ഭാഗമായാണ് ഈ രാജിയെന്നാണ് വിലയിരുത്തൽ. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ എം.എൽ.എമാരെ ആദ്യം രാജിവെപ്പിക്കുകയും, പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ അവരെ ടി.വി.കെ ചിഹ്നത്തിൽ മത്സരിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് ഇതിനായി സ്വീകരിക്കുന്നത്.

തുടർച്ചയായ രാജികൾ അണ്ണാ ഡി.എം.കെയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മേയ് 13-ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്ത 25 വിമത എം.എ.ൽ.എമാരിൽ ഒരാളാണ് എസാക്കി സുബയ. മുൻ മന്ത്രി എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിലാണ് ഇദ്ദേഹം നിലയുറപ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും പാർട്ടിയിലെ പ്രമുഖ നേതാക്കൾ പടിയിറങ്ങിയിരുന്നു. മേയ് 25-ന് മധുരാന്തകം എം.എ.ൽ.എ മരഗതാം കുമാരവേൽ, പെരുന്തുറൈ എം.എ.ൽ.എ എസ്. ജയകുമാർ, ധരപുരം എം.എ.ൽ.എ പി. സത്യഭാമ എന്നിവർ നിയമസഭാംഗത്വം രാജിവെച്ച് ഔദ്യോഗികമായി ടി.വി.കെയിൽ ചേർന്നിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നാല് എം.എ.ൽ.എമാർ പാർട്ടി വിട്ടത് എ.ഐ.എ.ഡി.എം.കെയുടെ രാഷ്ട്രീയ സ്വാധീനത്തെ ബാധിക്കുമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.