അബദ്ധത്തിൽ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; ആഭ്യന്തര അന്വേഷണം തുടങ്ങി

  1. Home
  2. National

അബദ്ധത്തിൽ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; ആഭ്യന്തര അന്വേഷണം തുടങ്ങി

AIR INDIA


ഡൽഹിയിൽ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ ഇരുപത്തിരണ്ടിനാണ് രാജ്യാന്തര അതിർത്തി ലംഘിച്ചുള്ള എ.ഐ 479 വിമാനത്തിന്റെ ഈ അപ്രതീക്ഷിത യാത്രയുണ്ടായത്.

അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി ലാൻഡിങ് ലൈനിലേക്ക് പ്രവേശിക്കാൻ ആകാശത്ത് വട്ടമിട്ടു പറക്കുന്നതിനിടയിലാണ് വിമാനം അല്പനേരം പാക് അതിർത്തിക്കുള്ളിലേക്ക് കടന്നതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. അമൃത്‌സറിലെ എയർ ട്രാഫിക് കൺട്രോളിൽ (ATC) നിന്നുള്ള നിർദ്ദേശങ്ങൾ പൈലറ്റ് പിന്തുടരുന്നതിനിടയിലാണ് ദിശ മാറി അന്താരാഷ്ട്ര അതിർത്തി കടന്നതെന്നാണ് പ്രാഥമിക വിവരം.

സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളെ വിവരമറിയിച്ച് കമ്പനി ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.