എയർ ഇന്ത്യ വിമാനം റൺവേയിൽ തട്ടി; ഡൽഹിയിലേക്കുള്ള തിരിച്ചുള്ള സർവീസ് റദ്ദാക്കി
ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ എയർ ഇന്ത്യ വിമാനം റൺവേയിൽ തട്ടിയതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഡൽഹിയിലേക്കുള്ള മടക്ക സർവീസ് റദ്ദാക്കി.Al2651വിമാനം പരിശോധനയ്ക്കായി നിർത്തിയിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഒരു ബോയിങ് 747 വിമാനം പുറപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ കനത്ത വായുചുഴിയിൽ വിമാനം ലാൻഡ് ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയ പൈലറ്റ് വിമാനം വീണ്ടും മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചതായി എയർലൈനുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ പറയുന്നു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എയർലൈൻ അറിയിച്ചു. യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച എയർലൈൻ, ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
