വിമാന യാത്രയിൽ വൈഫൈ ഒരുക്കാൻ എയർ ഇന്ത്യ; ഡൽഹി-ലണ്ടൻ സർവീസിൽ ആദ്യം
വിമാനങ്ങളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എയർ ഇന്ത്യ. ഇനി യാത്രക്കാർക്ക് ആകാശത്ത് വച്ചും ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. എയർ ഇന്ത്യയുടെ ഡൽഹി-ലണ്ടൻ സർവീസിലായിരിക്കും ഇത് ആദ്യമായി ഉൾപ്പെടുത്തുക.
സെപ്തംബർ രണ്ടിനാണ് എയർ ഇന്ത്യ ഡൽഹി-ലണ്ടൻ ട്രിപ്പിൽ വൈഫൈ ഉൾപ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ലണ്ടനിലെ ഹീത്രു എയർപോർട്ട് വഴിയാണ് ഈ ട്രിപ്പ് ഉണ്ടായിരിക്കുക. വിമാന യാത്രകളെ വേറെ തലത്തിലേക്ക് ഉയർത്തുന്നതാണ് പുതിയ വൈഫൈ സേവനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ലണ്ടൻ സർവീസുകൾ ദിവസേനെ രണ്ടെണ്ണം വീതമാണ് ഡൽഹി എയർപോർട്ടിൽ നിന്ന് പുറപ്പെടുക. എയർഇന്ത്യയുടെ A350 വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക.
സാറ്റലൈറ്റുകളിൽ നിന്നുള്ള ഇന്റർനെറ്റ് ഉപയോഗിച്ചാണ് മിക്ക കമ്പനികളും വിമാനത്തിലെ യാത്രക്കാർക്ക് വൈഫൈ എത്തിക്കുക. വിമാനത്തിലെ ആന്റിനകൾ സാറ്റലൈറ്റുകളിൽ നിന്ന് ഇന്റർനെറ്റ് സ്വീകരിക്കും. വിമാനത്തിലെ വൈഫൈ സംവിധാനമുപയോഗിച്ച് അത് യാത്രക്കാർക്ക് വിതരണം ചെയ്യും. ജെറ്റ്ബ്ലു, നോർവീജിയൺ എയർ, യുണൈറ്റഡ് എയർലൈൻസ്, വെർജിൻ അറ്റ്ലാൻഡിക്ക്, ബ്രിട്ടീഷ് എയർവെയ്സ് തുടങ്ങിയ കമ്പനികൾ വിമാനയാത്രയിൽ വൈഫൈ നൽകാറുണ്ട്.