ഐഷി ഘോഷ് കോടതിയിൽ, അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ആവശ്യം

  1. Home
  2. National

ഐഷി ഘോഷ് കോടതിയിൽ, അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ആവശ്യം

image


എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ഐഷി കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്.

ഇതിനിടെ, ഐഷി ഘോഷിനെ കണ്ടെത്താനുള്ള ശ്രമം ഡൽഹി പൊലീസ് ശക്തമാക്കി. ഡൽഹിയിലെ എകെജി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് പൊലീസ് വിവരങ്ങൾ തേടി. അർധരാത്രിയിലാണ് പൊലീസ് മഫ്തിയിലെത്തിയത്. ഐഷി ഘോഷിന്‍റെ താമസസ്ഥലം അടക്കമുള്ള വിവരങ്ങളാണ് തേടിയത്. ഐഷി ഘോഷ് എവിടെയാണ് താമസിക്കുന്നത്, എകെജി ഭവനിൽ എപ്പോഴൊക്കെ വരുന്നു, കേന്ദ്ര നേതാക്കളുമായി എപ്പോഴൊക്കെ സംസാരിക്കുന്നു തുടങ്ങിയ നിർണായക വിവരങ്ങളാണ് പൊലീസ് ചോദിച്ചറിഞ്ഞത്.

2021-ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഈ കേസ് ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി.അതേസമയം, അനുവാദമില്ലാതെ മഫ്തിയിലെത്തിയ പൊലീസ് സംഘം എകെജി ഭവനുള്ളിൽ കയറി വിവരങ്ങൾ തേടിയതിൽ വലിയ പ്രതിഷേധവുമായി സിപിഐഎമ്മും എസ്എഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് തീരുമാനം.