തെളിവുകളില്ല: രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

  1. Home
  2. National

തെളിവുകളില്ല: രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

rahul gandhi


രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ആരോപണം സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. ലഖ്‌നൗ സ്വദേശികളായ അഭിഭാഷകൻ അശോക് പാണ്ഡെ, രജനീഷ് കുമാർ സിംഗ് എന്നിവർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ജസ്റ്റിസ് ശേഖർ ബി. സറാഫ്, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്.

രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ലെന്നും അതിനാൽ റായ്ബറേലിയിൽ നിന്നുള്ള ലോക്‌സഭാ അംഗമായി തുടരാൻ അർഹതയില്ലെന്നും ആരോപിച്ച് ക്വോ വാറന്റോ (Quo Warranto) റിട്ട് ഹർജിയാണ് ഇരുവരും നൽകിയിരുന്നത്. 2003-ൽ യുകെയിൽ രജിസ്റ്റർ ചെയ്ത 'ബാക്ക്ഓപ്സ് ലിമിറ്റഡ്' എന്ന കമ്പനിയുടെ രേഖകളിൽ രാഹുൽ ഗാന്ധി സ്വയം ബ്രിട്ടീഷ് പൗരനാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ ഇതിനെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകളോ മറ്റ് ഔദ്യോഗിക തെളിവുകളോ ഹാജരാക്കാൻ ഇവർക്കായില്ല.

'റൗൾ വിൻചി' എന്നയാളുടെ പഠനവുമായി ബന്ധപ്പെട്ട് കേംബ്രിഡ്ജ് സർവകലാശാലയുടേതെന്ന പേരിൽ ഹാജരാക്കിയ കത്ത് മാത്രമാണ് ഇവർ കോടതിക്ക് കൈമാറിയത്. ഇത് ഉന്നയിച്ച ആരോപണം തെളിയിക്കാൻ പര്യാപ്തമല്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്ന്, തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുമതി തേടുകയും കോടതി അത് അനുവദിക്കുകയുമായിരുന്നു. മുൻപും സമാനമായ വിഷയം ഉന്നയിച്ച് ഹർജിക്കാർ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.