പ്രതിസന്ധികൾക്കിടെ 'ഇന്ത്യ' മുന്നണി യോഗം ഇന്ന് ഡൽഹിയിൽ; കോൺഗ്രസിനെതിരെ ഘടകകക്ഷികൾ, ഡിഎംകെ വിട്ടുനിൽക്കും

  1. Home
  2. National

പ്രതിസന്ധികൾക്കിടെ 'ഇന്ത്യ' മുന്നണി യോഗം ഇന്ന് ഡൽഹിയിൽ; കോൺഗ്രസിനെതിരെ ഘടകകക്ഷികൾ, ഡിഎംകെ വിട്ടുനിൽക്കും

india


വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്കും മുന്നണിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾക്കും പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഉച്ചയ്ക്ക് 12 മണിക്ക് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് യോഗം. സിപിഎം ഉൾപ്പെടെ 23 പാർട്ടികൾ പങ്കെടുക്കുന്ന യോഗത്തിൽ ഘടകകക്ഷികളുടെ രൂക്ഷവിമർശനം നേരിടേണ്ടി വരുമെന്നതിനാൽ കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്.

തമിഴ്‌നാട് തെരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ കോൺഗ്രസ് എടുത്ത ഏകപക്ഷീയ തീരുമാനമാണ് മുന്നണിയിലെ പുതിയ തർക്കങ്ങൾക്ക് കാരണം. ഇതിൽ പ്രതിഷേധിച്ച് ഇന്നത്തെ യോഗം പൂർണ്ണമായി ബഹിഷ്കരിക്കാനാണ് ഡിഎംകെയുടെ തീരുമാനം. തമിഴ്‌നാട്ടിലെ ശക്തമായ പങ്കാളി മുന്നണി വിട്ടത് ദേശീയതലത്തിൽ സഖ്യത്തിന്റെ കരുത്തു ചോർത്തുമെന്ന ആശങ്ക മറ്റ് കക്ഷികൾക്കുമുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചതിലുള്ള അമർഷം സിപിഎം യോഗത്തിൽ ഉന്നയിക്കും. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇഡി ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്ന രാഹുൽ ഗാന്ധിയുടെ മുൻ പരാമർശത്തിൽ സിപിഎം വിശദീകരണം തേടിയേക്കും. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്.

ഇതിനുപുറമേ, രാജ്യസഭാ സ്ഥാനാർഥി നിർണ്ണയത്തിൽ തങ്ങളോട് ആലോചിക്കാതിരുന്ന കോൺഗ്രസ് നിലപാടിനെതിരെ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) രംഗത്തുണ്ട്. തങ്ങളുടെ വിയോജിപ്പ് യോഗത്തിൽ പരസ്യമാക്കാൻ തന്നെയാണ് ജെഎംഎം തീരുമാനം. ഘടകകക്ഷികളുടെ ഈ കൂട്ടായ പ്രതിഷേധങ്ങളെ മറികടക്കാൻ കോൺഗ്രസ് പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ പ്രയോഗിക്കേണ്ടി വരും. അതേസമയം, പശ്ചിമ ബംഗാളിൽ ഭരണം നഷ്ടമായതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി യോഗത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) ഇന്ത്യാ മുന്നണിയുടെ ഭാഗമാകുമോ എന്ന കാര്യത്തിലും ഇന്നത്തെ യോഗത്തിൽ നിർണായക സൂചനകൾ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.