മണിപ്പൂരിൽ വീണ്ടും കൂട്ടക്കൊല; മൂന്ന് മെയ്തെയ് വിഭാഗക്കാർ വെടിയേറ്റ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

  1. Home
  2. National

മണിപ്പൂരിൽ വീണ്ടും കൂട്ടക്കൊല; മൂന്ന് മെയ്തെയ് വിഭാഗക്കാർ വെടിയേറ്റ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

manipur


നീണ്ട ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നോങ്സും ഹില്ലിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് മെയ്തെയ് വിഭാഗക്കാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ കുകി വിഭാഗക്കാരാണെന്നാണ് മെയ്തെയ് വിഭാഗത്തിന്റെ ആരോപണം. ഈ പുതിയ സംഭവത്തോടെ മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.

ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ആക്രമണമുണ്ടായത്. കുകി സ്വാധീന മേഖലയായ കാങ്പോക്‌പിയും ഇംഫാൽ ഈസ്റ്റും അതിർത്തി പങ്കിടുന്ന കോങ്ബൻ സുനുരോക് പ്രദേശത്താണ് സംഭവം. അരുബം റോണിൽ (35), ലൈരെൻലക്‌പം ഇനോബി (44), ക്ഷേത്രിമയും സുശിൽ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.

മെയ്‌സ്‌നം സുമേന്ദ്രോ (55), ബോൻസൻ കിങ്ഡ്രം (45), ൻഗോഗം സുരജ് (19) എന്നിവർ ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ കുന്നിൽ നിന്ന് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായതെന്ന് പരിക്കേറ്റവരുടെ ബന്ധുക്കളും സാക്ഷികളും വ്യക്തമാക്കി. പതിയിരുന്ന കുകി സായുധ സംഘം തങ്ങൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു എന്നാണ് പരിക്കേറ്റവരുടെ മൊഴി.