തൊണ്ടി മുതൽ കേസ്; ആന്റണി രാജുവിന് തിരിച്ചടി: തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി
മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി. തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി. ആന്റണി രാജു അടക്കം പ്രതികൾ അടുത്ത മാസം 20ന് വിചാരണ കോടതിയിൽ ഹാജരാകണം.
ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്‍റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ആന്‍റണി രാജുവിന്റെ ഹര്‍ജി. കേസില്‍ രണ്ടാം പ്രതിയായ ആന്‍റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയിരുന്നത്.
തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം നടത്താമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിജെഎം കോടതി അന്വേഷണം തുടങ്ങിയ സാഹചര്യത്തിലായിരുന്നു നീക്കം. 1990 ഏപ്രില്‍ 4-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി മറ്റൊന്ന് വെച്ചുവെന്നാണ് കേസ്. കേസില്‍ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.