പതിനേഴുകാരന്‍റെ ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്; ആശംസ അറിയിച്ച് ആപ്പിള്‍ മേധാവി

  1. Home
  2. National

പതിനേഴുകാരന്‍റെ ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്; ആശംസ അറിയിച്ച് ആപ്പിള്‍ മേധാവി

apple watch


ആപ്പിൾ വാച്ച് വീണ്ടും ഒരു ജീവൻ കൂടി രക്ഷിച്ചു. ഇന്ത്യയില്‍ തന്നെയാണ് സംഭവം. മഹാരാഷ്ട്രയിലെ റായ്ഗഡ് സ്വദേശിയും പൂനെയിൽ വിദ്യാര്‍ത്ഥിയുമായ 17 കാരനായ സ്മിത് മേത്തയുടെ ജീവനാണ് ആപ്പിള്‍ ഐഫോണ്‍ രക്ഷിച്ചത്. മേത്തയുടെ വാര്‍ത്ത അറിഞ്ഞ ആപ്പിള്‍ സിഇഒ ടിം കുക്ക് സ്മിത് സുഖം പ്രാപിക്കാൻ ആശംസകൾ അറിയിച്ചു.

ഈ വർഷം ജൂലൈയിൽ, നീറ്റ് പരീക്ഷ കോച്ചിംഗിന് പഠിക്കുന്ന സ്മിത് മൂന്ന് സുഹൃത്തുക്കളോടൊപ്പം മഹാരാഷ്ട്രയിലെ വിസാപൂർ കോട്ടയിലേക്ക് ട്രെക്കിംഗ് പോയി.സംഭവത്തെക്കുറിച്ച് സ്മിത് പറയുന്നത് ഇങ്ങനെ,

“കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ട്രക്കിംഗ് പ്രയാസം ഇല്ലായിരുന്നു. പക്ഷേ തിരികെ വരുന്ന വഴി, ചെളി നിറഞ്ഞ വഴിയില്‍ വച്ച് കാല്‍ തെന്നി മലയുടെ ആഴത്തിലേക്ക് വീണു.  ഞാൻ ഏകദേശം 130-150 അടി താഴ്‌വരയിലേക്കാണ് വീണത്. കാടിന്‍റെ ആഴത്തിൽ എന്റെ രണ്ടു കണങ്കാലുകളും പൊട്ടിയിട്ടാണ് ഞാന്‍ വീണത്. എന്റെ കയ്യിൽ നിന്നും ഫോൺ എവിടെയോ വീണുപോയിരുന്നു. എന്നാല്‍ ഭാഗ്യത്തിന് സെല്ലുലാർ ഫീച്ചറുള്ള ആപ്പിൾ വാച്ചാണ് ഞാൻ ധരിച്ചിരുന്നത്,”

ഇതേ സമയം സുഹൃത്തുക്കള്‍ സ്മിത്തിനെ തിരയുന്നുണ്ടായിരുന്നു.  കുന്നിൻ സ്മിത്ത് വീണ വശത്ത് ഇടതൂർന്ന വനമായതിനാല്‍ സ്മിത്തിന്‍റെ സുഹൃത്തുക്കൾക്ക് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഭാഗ്യവശാൽ സ്മിത്ത് ധരിച്ചിരുന്നത് ആപ്പിൾ വാച്ച് സീരീസ് 7 ആയിരുന്നു. സ്മിത്ത് ഇത് ഉപയോഗിച്ച് മാതാപിതാക്കളെ വിളിച്ച് അപകടത്തെക്കുറിച്ചും അവന്‍റെ കൃത്യമായ സ്ഥലത്തെക്കുറിച്ചും അവരെ അറിയിച്ചു. സുഹൃത്തുക്കളെ വിളിച്ച് അവന്‍റെ ലൊക്കേഷനെക്കുറിച്ച് പറയാനും അവർക്ക് സഹായത്തിനായി ആളുകളെ വിളിക്കാനും കഴിഞ്ഞു. 

“ഞാൻ വേദന കൊണ്ട് നിലവിളിച്ചു. രണ്ട് ട്രെക്കർമാർ സമീപത്തുള്ള ചെടികൾ മുറിച്ചുകൊണ്ട് എന്നെ സഹായിച്ചു, കൂടാതെ റെസ്ക്യൂ സർവീസുകളെ വിളിക്കുകയും ചെയ്തു. എന്നെ പൂനെയിലെ ഓർത്തോപീഡിക് ആശുപത്രിയിലേക്ക് മാറ്റി,” സ്മിത്ത് പറഞ്ഞു.

ഓഗസ്റ്റ് 7വരെ ആശുപത്രിയിലായിരുന്ന സ്മിത്ത്. അവിടെ നിന്നും ഡിസ്ചാർജ് ചെയ്ത അദ്ദേഹം പിന്നീട് മലാഡിലെ മറ്റൊരു ഡോക്ടറിൽ നിന്ന് തുടർ ചികിത്സ നേടി. ഒക്ടോബർ 13 വരെ സ്മിത് ബെഡ് റെസ്റ്റിലായിരുന്നു. ഇപ്പോഴും ഒരു വാക്കറിന്റെയും വടിയുടെയും സഹായത്തോടെയാണ് ഇദ്ദേഹം നടക്കുന്നത്. ആപ്പിൾ വാച്ചാണ് എന്റെ ജീവൻ രക്ഷിച്ചതെന്ന് സ്മിത് മേത്ത ഐഎഎൻഎസിനോട് പറഞ്ഞു.

തന്‍റെ അനുഭവം വിവരിച്ച് ആപ്പിളിന് ഒരു മെയില്‍ അയച്ചപ്പോഴാണ് ഇദ്ദേഹത്തിന് ആപ്പിള്‍ സിഇഒ ടിം കുക്ക് മറുപടി നല്‍കിയത്. സ്മിത് സുഖം പ്രാപിക്കുന്നു എന്ന് അറിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കുക്ക് അദ്ദേഹത്തിന് ഒരു ഇമെയിൽ എഴുതി.