അരവിന്ദ് കെജ്‌രിവാളിനും മകൾക്കും വധഭീഷണി; 7 കോടി രൂപ ആവശ്യപ്പെട്ടതായി എഎപി, അന്വേഷണം ശക്തമാക്കി പൊലീസ്

  1. Home
  2. National

അരവിന്ദ് കെജ്‌രിവാളിനും മകൾക്കും വധഭീഷണി; 7 കോടി രൂപ ആവശ്യപ്പെട്ടതായി എഎപി, അന്വേഷണം ശക്തമാക്കി പൊലീസ്

arvind kejriwal


ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനും മകൾക്കുമെതിരെ വധഭീഷണി. ഏഴ് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം എത്തിയത്. പണം നൽകിയില്ലെങ്കിൽ കെജ്‌രിവാളിനെയും മകളെയും വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നവംബർ ആറിന് അജ്ഞാത നമ്പറിൽ നിന്ന് തനിക്ക് ഭീഷണി ഫോൺ കോളും തുടർന്ന് വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചതായി എഎപി എംഎൽഎ ജർനൈൽ സിങ് മൊഹാലി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. 'എച്ച്' എന്ന പേരിലാണ് മൊബൈൽ നമ്പർ സേവ് ചെയ്തിരുന്നത്.

പണം തട്ടാനുള്ള ശ്രമം, ക്രിമിനൽ ഭീഷണി, ജീവന് ഭീഷണി തുടങ്ങിയ ഗൗരവകരമായ വകുപ്പുകൾ ചുമത്തി അജ്ഞാതനായ വ്യക്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ജർനൈൽ സിങ് ആവശ്യപ്പെട്ടു. ഭീഷണി സന്ദേശം അയച്ച മൊബൈൽ നമ്പറിന്റെ കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (സി.ഡി.ആർ), ഐ.പി. ലോഗുകൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവ പരിശോധിച്ച് പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് പരാതിയിലെ ആവശ്യം. കെജ്‌രിവാളിന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും കർശന നടപടികൾ സ്വീകരിക്കണമെന്നും എഎപി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകളും സമയവിവരങ്ങളും തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ മൊഹാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.