ആശാ ഭോസ്‌ലേയെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്‌ലേയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഡോ. പ്രതീത് സാംദാനി അറിയിച്ചതാണ് ഇക്കാര്യം. ആശാ ഭോസ്‌ലേ നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് ആശാ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേക്കുറിച്ച് അവരുടെ കുടുംബം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വാർത്താ ഏജൻസിയായ IANS-നെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏഴ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിക്കുന്ന ഗായികയാണ് ആശാ ഭോസ്‌ലേ. ഒ.പി. നയ്യാർ, ആർ.ഡി. ബർമ്മൻ, എ.ആർ. റഹ്മാൻ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകർക്കൊപ്പം നിരവധി എവർഗ്രീൻ ഹിറ്റുകൾ അവർ സമ്മാനിച്ചു. 'ആവോ ഹുസൂർ തുംകോ', 'ചുര ലിയാ ഹേ തുംനേ', 'രംഗീല റേ' തുടങ്ങി അവർ പാടിയ ആയിരക്കണക്കിന് ഗാനങ്ങൾ ഇന്നും ആഗോളതലത്തിൽ ശ്രദ്ധേയമാണ്.
ഇന്ത്യൻ സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മവിഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്നിവ നൽകി അവരെ ആദരിച്ചിട്ടുണ്ട്. രണ്ടുതവണ ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്.
