അമൃത്സറിൽ പൊലീസ് എഎസ്‌ഐയെ വെടിവച്ച് കൊന്നു; ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിനായി തിരച്ചിൽ
പഞ്ചാബിലെ അമൃത്സറിൽ പൊലീസ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്ററെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. ഭഗ്തൻവാല മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. തർൺ തരൺ ജില്ല സ്വദേശിയായ ഹർജിത് സിങ് ആണ് കൊല്ലപ്പെട്ടത്.
പിസിആർ ഡ്യൂട്ടിയിലായിരുന്ന ഹർജിത് സിങ്ങിന് നേരെ ബൈക്കിലെത്തിയ രണ്ട് പേർ തൊട്ടടുത്തുനിന്ന് നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹർജിത് സിങ്ങിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
