ഏഷ്യൻ ഗെയിംസ് സ്വർണനേട്ടം: ക്രിക്കറ്റ് താരം കമാലിനിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ 75 ലക്ഷം രൂപ പാരിതോഷികം

  1. Home
  2. National

ഏഷ്യൻ ഗെയിംസ് സ്വർണനേട്ടം: ക്രിക്കറ്റ് താരം കമാലിനിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ 75 ലക്ഷം രൂപ പാരിതോഷികം

kamalini


ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗമായ ജി. കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. 18 വയസ്സുള്ള കമാലിനിയെ തമിഴ്‌നാട് സർക്കാർ ഈ തുക നൽകി ആദരിക്കും.

'ഏഷ്യൻ ഗെയിംസിൽ ചരിത്ര സ്വർണം നേടിയ ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും. ക്രിക്കറ്റ് താരം കമാലിനിയുടെ നേട്ടങ്ങളിൽ തമിഴ്‌നാട് സർക്കാർ 75 ലക്ഷം രൂപ പാരിതോഷികമായി നൽകും. കമാലിനിയെപ്പോലെയുള്ള പ്രതിഭകൾക്കൊപ്പം എന്നും സർക്കാർ ഉണ്ടാകും. ഈ നേട്ടം ഇവിടുത്തെ സ്ത്രീകൾക്കും യുവാക്കൾക്കും പ്രചോദനമാകും. ഇനിയും വിജയങ്ങൾ നേടാനാകട്ടെ.'-വിജയ് എക്‌സിൽ കുറിച്ചു.

തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ കമാലിനി ഗുണാലൻ വിക്കറ്റ് കീപ്പർ ബാറ്ററും സ്പിൻ ബൗളറുമാണ്. ഏഷ്യൻ ഗെയിംസിൽ ആകെ മൂന്ന് മത്സരങ്ങളിലാണ് കമാലിനി ഇറങ്ങിയത്. ബംഗ്ലാദേശിനെതിരെ മൂന്ന് റൺസ് നേടിയപ്പോൾ ജപ്പാനെതിരെ റണ്ണൊന്നുമെടുത്തില്ല. ശ്രീലങ്കയ്‌ക്കെതിരെ ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. 2025 ഡിസംബറിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് കമാലിനി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയാണ് താരം കളിക്കുന്നത്.