വിജയ്‌യുടെ ജയം പ്രവചിച്ച ജ്യോതിഷി ഇനി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി; റിക്കി രാധൻ പണ്ഡിറ്റിന് നിർണ്ണായക പദവി

  1. Home
  2. National

വിജയ്‌യുടെ ജയം പ്രവചിച്ച ജ്യോതിഷി ഇനി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി; റിക്കി രാധൻ പണ്ഡിറ്റിന് നിർണ്ണായക പദവി

osd


തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പേഴ്സണൽ ജ്യോതിഷിയും ടി.വി.കെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കാർ ഉത്തരവ് തമിഴ്‌നാട് പ്രിൻസിപ്പൽ സെക്രട്ടറി റീത്ത ഹരീഷ് തക്കർ പുറത്തിറക്കി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്ക്കും ടി.വി.കെക്കും വലിയ മുന്നേറ്റമുണ്ടാകുമെന്ന് കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ഇദ്ദേഹം.

ആരാണ് റിക്കി രാധൻ പണ്ഡിറ്റ്?

വേദ ജ്യോതിഷം, സംഖ്യാശാസ്ത്രം എന്നീ മേഖലകളിൽ നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള രാധൻ പണ്ഡിറ്റ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സെലിബ്രിറ്റി ജ്യോതിഷിയാണ്. പണ്ഡിറ്റ് വെട്രിവേൽ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 2008-ൽ ഡൽഹിയിലേക്ക് താമസം മാറിയ ശേഷമാണ് പേര് മാറ്റിയത്. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇദ്ദേഹം ബിജെപി, കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ പ്രമുഖ പാർട്ടികളുടെ രാഷ്ട്രീയ ഭാവിയും മുൻപ് പ്രവചിച്ചിട്ടുണ്ട്.

വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപേ തന്നെ ഇരുവരും തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നു. വിജയ്‌യുടെ ജാതകം "സുനാമി പോലുള്ള ശക്തി" ഉള്ളതാണെന്നായിരുന്നു രാധൻ പണ്ഡിറ്റിന്റെ വിശേഷണം. ടി.വി.കെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിലും ചാനൽ ചർച്ചകളിലും സജീവമായിരുന്ന ഇദ്ദേഹത്തിന് ഇപ്പോൾ ഭരണതലത്തിൽ തന്നെ നിർണ്ണായകമായ ഒരു പദവി നൽകിയത് തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.