കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; വനിതാ ഇൻസ്‌പെക്ടറെ ആക്രമിച്ച പോക്‌സോ കേസ് പ്രതിയെ വെടിവച്ച് പിടികൂടി

  1. Home
  2. National

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; വനിതാ ഇൻസ്‌പെക്ടറെ ആക്രമിച്ച പോക്‌സോ കേസ് പ്രതിയെ വെടിവച്ച് പിടികൂടി

arrested


കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനിതാ ഇൻസ്‌പെക്ടറെ അരിവാൾ ഉപയോഗിച്ച് ആക്രമിച്ച പോക്‌സോ കേസ് പ്രതിയെ തമിഴ്‌നാട് പൊലീസ് വെടിവച്ച് കീഴടക്കി. തെക്കൻ കോയമ്പത്തൂരിലാണ് സംഭവം.

കൂലിപ്പണിക്കാരനായ തവസി (28) ആണ് പൊലീസിന്റെ വെടിയേറ്റത്. ഞായറാഴ്ച ഇയാളെയും കൂട്ടാളിയായ സന്തോഷ് (24)നെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളാണ് ഇരുവരും.

പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച അരിവാൾ പ്രദേശത്തെ ശ്മശാനത്തിൽ ഉപേക്ഷിച്ചതായി പ്രതികൾ മൊഴി നൽകിയിരുന്നു. ഇത് വീണ്ടെടുക്കാൻ പൊലീസ് സംഘം എത്തിയപ്പോഴാണ് തവസി ഇൻസ്‌പെക്ടർ സ്വർണവല്ലിയെ അരിവാൾ ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ ഇൻസ്‌പെക്ടറുടെ തോളിന് പരുക്കേറ്റു.

തുടർന്ന് മറ്റ് പൊലീസുകാരെയും ആക്രമിക്കാൻ ശ്രമിച്ചതോടെ പ്രതിയുടെ കാലിൽ പൊലീസ് വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ ഇൻസ്‌പെക്ടർ സ്വർണവല്ലിയെയും തവസിയെയും കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.