ക്ലാസ് മുറിയിൽ കയറി പത്താംക്ലാസ് വിദ്യാർഥിനിയെ കട്ടിങ് മെഷീൻകൊണ്ട് കൊല്ലാൻ ശ്രമം; 21-കാരൻ അറസ്റ്റിൽ

  1. Home
  2. National

ക്ലാസ് മുറിയിൽ കയറി പത്താംക്ലാസ് വിദ്യാർഥിനിയെ കട്ടിങ് മെഷീൻകൊണ്ട് കൊല്ലാൻ ശ്രമം; 21-കാരൻ അറസ്റ്റിൽ

crime


ആന്ധ്രപ്രദേശിൽ സ്കൂൾ വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ കയറി പവർ ചെയിൻ സോ (Power Chainsaw) ഉപയോഗിച്ച് ആക്രമിച്ച് യുവാവ്. അനന്ത്പുർ ജില്ലയിലെ രപ്ടഡു ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിൽ രാവിലെ പത്തരയോടെയായിരുന്നു നടുക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അകന്ന ബന്ധുവായ ഹേമന്ത് (21) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

അധ്യാപിക ക്ലാസ് എടുത്തുകൊണ്ടിരിക്കെയാണ് യന്ത്രം പിടിപ്പിച്ച അറക്കവാളുമായി ഹേമന്ത് ക്ലാസ് മുറിയിലേക്ക് ഇരച്ചുകയറിയത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റിട്ടുണ്ട്. ഹേമന്ത് ലക്ഷ്യമിട്ട പെൺകുട്ടിയുടെ തലയ്ക്കും കഴുത്തിനും ശരീരത്തിന്റെ പിൻഭാഗത്തും ഗുരുതരമായി പരിക്കേറ്റു. പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിന് ശേഷം സ്കൂളിൽ നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് ധർമവരം റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.