അയോധ്യ രാമക്ഷേത്ര സംഭാവനയിൽ നടന്നത് വൻ ക്രമക്കേട്; എസ്ഐടി അന്വേഷണം ശക്തമാക്കി
അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന കൈകാര്യം ചെയ്യുന്നതിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം . സംഭാവനകൾ എണ്ണുന്നതിനായി ട്രസ്റ്റ് അംഗങ്ങളുടെ ബന്ധുക്കളെ ഉൾപ്പെടെ പുറത്തുനിന്നുള്ളവരെ നിയമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.ട്രസ്റ്റ് അംഗങ്ങളുടെ ശുപാർശയെ തുടർന്നാണ് ഇത്തരം നിയമനങ്ങൾ നടന്നത്. ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന അനുകുൽ മിശ്ര പണം എണ്ണുന്നതിന് സഹോദരീഭർത്താവ് ലവ്കുഷ് മിശ്രയെ നിയമിച്ചതായും വിവരം. ജോലിസ്ഥലത്തേക്ക് പ്രവേശിക്കുമ്പോഴും പോകുമ്പോഴും തൊഴിലാളികളെ വേണ്ടത്ര പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല എന്നും അന്വേഷണസംഘം കണ്ടെത്തി.
സ്വർണം, വെള്ളി, രത്‌നങ്ങൾ ഉൾപ്പെടെയുള്ള ഭക്തർ സമർപ്പിച്ച സംഭാവനകളുടെ രേഖകളിലും എന്നിവയുടെ കാര്യത്തിൽ ക്രമക്കേടുനടന്നിട്ടുണ്ടെന്ന് എസ്.ഐ.ടി അറിയിച്ചു. ഇവയുടെ രേഖകളെക്കുറിച്ചുള്ള ചോദ്യത്തിൽ ട്രസ്റ്റ് ഉദ്യോഗസ്ഥരിൽ പലർക്കും തൃപ്തികരമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല.ക്രമക്കേടുകൾ ഏറെയും നടന്നത് 2025 ജനുവരി ഫെബ്രുവരിയിൽ മഹാകുംഭമേളക്കാലത്താകാമെന്നാണ് കരുതുന്നത്. അന്ന് ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കുണ്ടാവുകയും സംഭാവനകൾ കുമിഞ്ഞുകൂടുകയും ചെയ്തിരുന്നു. ഈ സമയത്തെ രേഖകളിലാണ് എസ്.ഐ.ടി. ശ്രദ്ധയൂന്നുന്നത്. എസ്.പി.യും എ.എ.പി.യും ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികളുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്
