അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട്; അഞ്ചുവർഷ ഓഡിറ്റ് പരിശോധിക്കാൻ എസ്‌ഐടി
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ അഞ്ച് വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) . അന്വേഷണം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.അതേസമയം ഈ മാസം 6-ന് ചേരുന്ന രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് യോഗം നിർണായകമാകും. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവരുടെ രാജി സംബന്ധിച്ച അന്തിമ തീരുമാനം യോഗത്തിൽ ഉണ്ടാകും. ബൈലോകൾ പ്രകാരം വോട്ടെടുപ്പിലൂടെ ആയിരിക്കും തീരുമാനം എടുക്കുക.രാജി അംഗീകരിച്ചാലും ചമ്പത് റായ് ട്രസ്റ്റ് അംഗമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ. കോടിക്കണക്കിന് രൂപയും മൂല്യം തിട്ടപ്പെടുത്താൻ കഴിയാത്തത്ര വിലപിടിപ്പുള്ള ആഭരണങ്ങളും ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട സാഹചര്യത്തിലാണ് യുപി പോലീസ് കേന്ദ്ര ഏജൻസിയുടെ സഹായം തേടുന്നത്. കേസ് സിബിഐയോ ഇഡിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ശക്തമായി ആവശ്യപ്പെട്ടിരുന്നു.
