ബാലവിവാഹം; കർണാടകയിൽ 15കാരിയെ രക്ഷപ്പെടുത്തി പോലീസ്

  1. Home
  2. National

ബാലവിവാഹം; കർണാടകയിൽ 15കാരിയെ രക്ഷപ്പെടുത്തി പോലീസ്

CHILD MARRIAGE


ബാലവിവാഹം നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും അതുല്യ ഭാരതത്തിൽ ഇപ്പോഴും ഇത്തരം ക്രൂരകൃത്യങ്ങൾ അരങ്ങേറാറുണ്ട്. പലപ്പോഴും അതൊന്നും ആരും അറിയാറില്ലെന്നു മാത്രം. കർണാടകയിൽനിന്നുള്ള ബാലവിവാഹത്തിന്റെ വാർത്തയാണ് ഇപ്പോൾ രാജ്യമൊട്ടാകെ ഞെട്ടിക്കുന്ന വാർത്തയായത്. ബംഗളൂരു ഹൊസകോട്ടെ പോലീസും വനിതാ ശിശുക്ഷേമ വികസന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ റെയ്ഡിലാണ് സ്‌കൂൾ വിദ്യാർഥിനിയെ ബാലവിവാഹത്തിൽ നിന്നു രക്ഷപ്പെടുത്തി സർക്കാർ മന്ദിരത്തിലേക്കു മാറ്റിയത്. 

ഹൊസകോട്ടെ കനകഭവനിൽ കഴിഞ്ഞ ദിവസം പുലർച്ച രണ്ടിന് നടത്തിയ ഓപറേഷനിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. വധു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഒരാൾക്ക് സംശയം തോന്നിയതിനെതുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോലാർ മാലൂർ സ്വദേശിനിയായ പെൺകുട്ടിയെ കെ.ആർ പുരം കോടിഗെഹള്ളി ശക്തി ലേഔട്ട് സ്വദേശിയായ സി. യശ്വന്ത് (24) എന്നയാളുമായി വിവാഹത്തിന് തീരുമാനിച്ചിരിക്കുകയായിരുന്നു.

ഹൊസകോട്ടെ പോലീസ് ഹാളിലെത്തി വിവാഹം തടയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ദൊഡ്ഡബല്ലാപുരിലെ സർക്കാർ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു. പെൺകുട്ടിയുടെ പിതാവ് കടുത്ത മദ്യപാനിയാണെന്നും കുടുംബം നോക്കിയിരുന്ന മാതാവ് സാമ്പത്തിക ബാധ്യത കുറയാനായാണ് പെൺകുട്ടിയെ നേരത്തേ വിവാഹം കഴിച്ചയക്കാൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. വരൻ പെൺകുട്ടിയുടെ അകന്ന ബന്ധുകൂടിയാണ്.