പരീക്ഷ ചോദ്യ പേപ്പർ ചോർത്തിയാൽ ബിഹാറിൽ ഇനി 10 ലക്ഷം രൂപ പിഴ, പുതിയ നിയമം

  1. Home
  2. National

പരീക്ഷ ചോദ്യ പേപ്പർ ചോർത്തിയാൽ ബിഹാറിൽ ഇനി 10 ലക്ഷം രൂപ പിഴ, പുതിയ നിയമം

Exam


പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ പാസാക്കി ബിഹാർ നിയമസഭ. സംസ്ഥാന പാർലമെൻ്ററി കാര്യ മന്ത്രി വിജയ് കുമാർ ചൗധരി ആണ് ബിഹാർ പബ്ലിക് എക്സാമിനേഷൻസ് ബിൽ 2024 അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷയാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൻ്റെ കേന്ദ്രബിന്ദുവായി ബിഹാര്‍ മാറിയ സാഹചര്യത്തിലാണ് ബിൽ പാസാക്കാൻ സർക്കാർ തീരുമാനിച്ചത്. ബിഹാർ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ എട്ട് പേരെയും ഗുജറാത്തിലെ ലാത്തൂരിലും ഗോധ്രയിലും കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ വീതവും പൊതു ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഡെറാഡൂണിൽ നിന്ന് ഒരാളെയുമാണ് ഇതുവരെ സിബിഐ അറസ്റ്റ് ചെയ്തത്.

“ഈ നിയമം കൊണ്ടുവരുന്നതിനുള്ള ഏറ്റവും പുതിയ പ്രേരണ നീറ്റ്-യുജി ചോദ്യ പേപ്പർ ചോർച്ചയാണ്. വിഷയം സംസ്ഥാന സർക്കാരിന് നാണക്കേടായിരുന്നു. ഈ വർഷം ആദ്യം, പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ അധ്യാപക റിക്രൂട്ട്‌മെൻ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. ആ പരീക്ഷ ഇനിയും പുനഃക്രമീകരിച്ചിട്ടില്ല'', ബിഹാറിലെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. പേപ്പർ ചോർച്ച ആരോപിച്ച് 2022-ല്‍ ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ മെയിൻ പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. 2022 ലെ കോൺസ്റ്റബിൾ പരീക്ഷയും ചോർച്ചയെ തുടർന്ന് റദ്ദാക്കിയിട്ടുണ്ട്.