ബിഹാറിൽ വോട്ടർ പട്ടിക വിവാദം: ഇൻഡ്യാ സഖ്യത്തിന്റെ ഹർത്താൽ നാളെ; രാഹുൽ ഗാന്ധിയും തേജസ്വിയും പട്‌നയിൽ പ്രതിഷേധത്തിലേക്ക്

  1. Home
  2. National

ബിഹാറിൽ വോട്ടർ പട്ടിക വിവാദം: ഇൻഡ്യാ സഖ്യത്തിന്റെ ഹർത്താൽ നാളെ; രാഹുൽ ഗാന്ധിയും തേജസ്വിയും പട്‌നയിൽ പ്രതിഷേധത്തിലേക്ക്

IMAGE


ബിഹാറിൽ വോട്ടർ പട്ടികയിലെ 'തീവ്രപരിശോധന'യ്ക്ക് എതിരെ ഇൻഡ്യാ സഖ്യം നാളെ സംസ്ഥാനവ്യാപക ഹർത്താലിന് ആഹ്വാനം ചെയ്തു .ദലിതർ, പിന്നോക്കക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണിതെന്ന ആരോപണത്തിലാണ് പ്രതിഷേധം.നാളെ പട്‌നയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനത്തിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും പങ്കെടുക്കും.

വോട്ടർ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹരജികൾ സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും . പരിഷ്‌കരണത്തിനെതിരെ കോൺഗ്രസും സുപ്രിംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ബിഹാറിലെ രണ്ടുകോടി വോട്ടുകൾ ഇല്ലാതാക്കാനാണ് ശ്രമമെന്ന് ഹർജിയിൽ കോൺഗ്രസ് ആരോപിച്ചു.

വോട്ടർ പട്ടികയിൽ തുടരണമെങ്കിൽ പൗരത്വം തെളിയിക്കുന്ന രേഖകൾ നൽകണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജികളിലെ ആവശ്യം. ആർജെഡി, തൃണമൂൽ കോൺഗ്രസ്, യോഗേന്ദ്ര യാദവ്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

അനർഹരെ പട്ടികയിൽനിന്ന് ഒഴിവാക്കാനാണ് സമഗ്ര പരിഷ്‌കരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. എന്നാൽ സംസ്ഥാനത്തെ പാവപ്പെട്ടവരെയും പാർശ്വവത്കൃതരെയും പട്ടികയിൽനിന്ന് പുറന്തള്ളാനുള്ള നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ജൂൺ 24നാണ് പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരിക്കൽ പ്രക്രിയ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. ഇതിനുമുൻപ് 2003ലാണ് സമഗ്രപരിഷ്‌കരണം വന്നത്. വോട്ടർപട്ടികയിൽ പേരുചേർക്കാൻ ആഗ്രഹിക്കുന്നവർ ജൂലായ് 25നകം എന്യുമറേഷൻ അപേക്ഷകൾ സമർപ്പിക്കണമെന്നാണ് കമ്മിഷൻ നിർദേശം. ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും എന്നും കമ്മീഷൻ അറിയിച്ചു